23
Sep 2022
Sat
23 Sep 2022 Sat

മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെറ്റൽവാദിനും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും സുപ്രിംകോടതി ജാമ്യം നൽകിയതിനാൽ പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ്. ഹാഥ്രസിൽ സവർണർ കൂട്ടബലാൽസം​ഗം ചെയ്തു കൊന്ന ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവേ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇന്നലെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയായിരുന്നു മോഹൻദാസിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അസാമാന്യമായ നിയമപാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് എന്നും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ താനില്ലെന്നും പറയുന്ന മോഹൻദാസ്, മഹേഷ് ജഠ്മലാനി ഫോമിൽ ആയിരുന്നില്ലെന്നും ഇതാണ് പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോയതെന്നും ഇത് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കാൻ വഴിയൊരുങ്ങുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 

 

രണ്ടുവർഷത്തിനു ശേഷമാണ് സിദ്ദീഖിന് കോടതി ജാമ്യം നൽകിയത്. ആറാഴ്ച ഡൽഹിയിൽ തുടരണം. ഇക്കാലയളവിൽ ആഴ്ചതോറും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവയ്ക്കണം, പാസ്പോർട്ട് അന്വേഷണസംഘത്തിനു കൈമാറിയിട്ടില്ലെങ്കിൽ ഇതു സറണ്ടർചെയ്യണം, ആറാഴ്ചയ്ക്കു ശേഷം കേരളത്തിലേക്കു പോകാമെന്നും വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച തോറും ഹാജരാവണമെന്നും അടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു സിദ്ദീഖിന് സുപ്രിംകോടതി ജാമ്യം നൽകിയത്. 

 

​ഗുജറാത്ത് മുസ് ലിം വംശഹത്യാവേളയിൽ കോൺ​ഗ്രസ് എംപി ഇഹ് സാൻ ജഫ്രി അടക്കമുള്ളവരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളായ നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയവർക്ക് ശുദ്ധിപത്രം നൽകിയതിനെതിരേ ഇഹ് സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിക്കൊപ്പം കക്ഷിചേർന്ന് സുപ്രിംകോടതിയിൽ ടീസ്റ്റ നൽകിയ ഹരജി കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ടീസ്റ്റയെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ടീസ്റ്റ സെറ്റൽവാദിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് അടുത്തിടെയാണ്. 

 

വാർത്ത തയ്യാറാക്കാൻ പോകവെ സിദ്ദീഖിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരേ യുഎപിഒ ചുമത്തുകയുമായിരുന്നു. സംഘപരിവാർ സഹചാരിയും മലയാളമനോരമയുടെ ലേഖകനുമായിരുന്ന ബിനു വിജയൻ ആണ് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തനം നടത്തിയിരുന്ന സിദ്ദീഖ് കാപ്പനെതിരേ യുപി പൊലീസിൽ മൊഴികൊടുത്തതെന്നു പിന്നീട് വ്യക്തമായിരുന്നു.