പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്
|
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്ത ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. നമനസമുദ്രത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയില്‍ ചായകുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്.
പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. പിന്നാലെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
Five Sabarimala pilgrims killed after lorry rams into teashop





