അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍
|
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. 2021ല്‍ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇന്ന് രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എപി സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ നായിഡുവിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ഡി.ഐ.ജി പറഞ്ഞു. അതിനു ശേഷം അറസ്റ്റ് വാറണ്ട് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത നായിഡുവിനെ വിജയവാഡയിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വസ്തുക്കളും കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആന്ധ്ര ഭരിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ തന്നെ ഏത് സമയവും അറസ്റ്റ് ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു അടുത്തിടെ പറഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





