തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടര്‍ന്ന് സി.പി.എമ്മിന്റെ മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ഇന്ന് രാവിലെ 11 മണിക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവര്‍ മധുവിനെ വീട്ടിലെത്തി ബി.ജെ.പിയിലേക്ക് ക്ഷണിക്കും. ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചത് പ്രകാരമാണ് നേതാക്കളെത്തുന്നത്. പിന്നാലെ മധു പാര്‍ട്ടി അംഗത്വവും സ്വീകരിക്കും.
|
ബിജെപിയുടെ ജില്ലാ, സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മധുവിനെ പുറത്താക്കണമെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തോട് ശിപാര്‍ശ ചെയ്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎല്‍എയ്‌ക്കെതിരെ സാമ്പത്തികാരോപണങ്ങള്‍ അടക്കമുന്നയിച്ചായിരുന്നു പാര്‍ട്ടി വിട്ടെന്ന് മധു പ്രഖ്യാപിച്ചത്. തന്റെയൊപ്പം മകന്‍ കൂടി പാര്‍ട്ടി വിടുമെന്ന് ഇന്നലെ മധു അവകാശപ്പെട്ടിരുന്നെങ്കിലും മകന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.
നേരത്തെ കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം. ജലീലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മധുവിനെതിരെ സാമ്പത്തിക ആരോപണങ്ങളടക്കം ഉയര്‍ന്നിരുന്നു. ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതിന് പിറകെയാണ് പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്.
Former Mangalapuram area CPMI secretary Madhu Mullassery join BJP


