24
Oct 2024
Fri
24 Oct 2024 Fri
kp kamal

ലഖ്‌നോ: ഹാത്റസ് യുഎപിഎ കേസില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകുനായ മലപ്പുറം സ്വദേശി കെ പി കമാല്‍ ജയില്‍ മോചിതനായി. (Former Popular Front worker KP Kamal released from jail) കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തിനാല്‍ ജയിലില്‍ തുടരുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ വീട്ടില്‍നിന്ന് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത ശേഷം യുപിയിലെ ലഖ്നോ ജയിലില്‍ കഴിയുകയായിരുന്നു കമാല്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ ജയിലിലടച്ച കേസിലാണ് കെ പി കമാലിനെയും പ്രതിചേര്‍ത്തിരുന്നത്.

യുപിയിലെ ഹാത്റസില്‍ 2020 സപ്തംബറില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തി കേസെടുത്തത്.

സിദ്ദീഖ് കാപ്പനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിനെ പ്രതിചേര്‍ത്തത്. 20 വര്‍ഷമായി മാധ്യമമേഖലയില്‍ ജോലി ചെയ്തിരുന്ന കെ പി കമാല്‍ തേജസ് പത്രത്തില്‍ ആദ്യം കോഴിക്കോടും പിന്നീട് ഡല്‍ഹിയിലും ജോലി ചെയ്തിരുന്നു. ഈ സമയത്തുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിന്റെ പേരില്‍ ഹാത്റസ് കലാപ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ പിറ്റേന്നാണ് കെ പി കമാലിനെ യു പി പോലിസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് യുപിയിലേക്ക് കൊണ്ടുപോയത്.