
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായി ഇടത് മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് 182 സീറ്റില്‍ ജയം. പ്രസിഡന്റ് ഇമാമനവേല്‍ മാക്രണ്‍ രണ്ടാം സ്ഥാനത്താണ്. തീവ്ര വലതുപക്ഷ സഖ്യമായ മാശനല്‍ റലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫലം പ്രഖ്യാപിച്ചിട്ടില്ല. ആര്‍ക്കും കേവല ഭൂരിപക്ഷത്തിന് സാധ്യതയില്ലെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്.577 അംഗ നാഷണല്‍ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആര്‍ക്കുമില്ല.
![]() |
|
നേരത്തെ വോട്ടെടുപ്പിന് മുമ്പുള്ള സര്‍വേകളില്‍ കുടിയേറ്റ, ന്യൂനപക്ഷവിരുദ്ധരായ വലതുപക്ഷം അധികാരത്തിലേറുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി വോട്ടെടുപ്പില്‍ ഇടതുകക്ഷികള്‍ മുന്നോറുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളും ഇടത് പാര്‍ട്ടിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ടത്തില്‍ തീവ്ര വലതുപക്ഷമാണ് മുന്നിലെത്തിയിരുന്നത്. ഇന്നത്തെ എക്‌സിറ്റ് പോളുകള്‍ പ്രകാരം ഫ്രാന്‍സില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൂടുതല്‍.
രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ടാം വോട്ടിംഗ് റൗണ്ടില്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് പാര്‍ലമെന്റില്‍ 180- 215 സീറ്റുകള്‍ നേടാനാകുമെന്ന് ബ്രോഡ്കാസ്റ്റര്‍ ടിഎഫ് 1 പ്രവചിക്കുന്നു. ഫ്രാന്‍സ് ടിവിക്ക് വേണ്ടിയുള്ള ഒരു ഇപ്‌സോസ് പോള്‍ ഇടതുപക്ഷ ഗ്രൂപ്പിന് 172 – 215 സീറ്റുകള്‍ പ്രവചിക്കുന്നു.
സി ന്യൂസ് ടിവിയുടെ അഭിപ്രായ വോട്ടെടുപ്പ് ന്യൂ പോപ്പുലര്‍ ഫ്രണ്ട് 180- 210 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍ ബിഎഫ്എം ടിവിയുടെ എലാബ് പോള്‍ 175 – 205 സീറ്റുകളാണ് ഇടതിന് നല്‍കുന്നത്. പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ സെന്‍ട്രല്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മറൈന്‍ ലെ പെന്നിന്റെ ആര്‍എന്‍ പാര്‍ട്ടിയെക്കാള്‍ വളരെ മുന്നിലാണ് എന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
നാഷണല്‍ റാലി ഫ്രഞ്ച് പാര്‍ലമെന്റിലെ ആദ്യത്തെ രാഷ്ട്രീയ ശക്തിയാകുമെന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന ചിത്രം.
നാറ്റോ ഉച്ചകോടിക്ക് രണ്ടുദിവസം മുന്‍പും പാരിസ് ഒളിമ്പിക്‌സിന് ആഴ്ചകള്‍ ശേഷിക്കുമ്പോഴുമാണ് ഫ്രാന്‍സ് രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുന്നത്. എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധമാണെന്നും പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍ രാജിവെക്കണമെന്നും ഇടതുസഖ്യത്തിന്റെ നേതാവ് ജീന്‍ ലൂക് മെലെഞ്ചോണ്‍ ആവശ്യപ്പെട്ടു.
France faces hung parliament after surprise election result