25
Jul 2026
Sat
25 Jul 2026 Sat
houthi attack

യു.എസ്-ഇറാന്‍ പ്രാദേശിക യുദ്ധം ശക്തിപ്പെടുന്നതിനിടെ യെമനില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ തുറമുഖ നഗരമായ ഹുദൈദയില്‍ (Hodeidah) സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി ഹൂതി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് സൗദി ഭരണകൂടം വലിയ വില നല്‍കേണ്ടി വരുമെന്നും കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഹുദൈദയെ ലക്ഷ്യമിട്ടതിലൂടെ കൂടുതല്‍ പ്രകോപനം എന്ന നയമാണ് സൗദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്,’ ഹൂതി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹുദൈദയിലെ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ കേന്ദ്രങ്ങള്‍ക്കും കമറാന്‍ ദ്വീപിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. കമറാന്‍ ദ്വീപിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഹുദൈദ തുറമുഖ മേഖലയില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, തുറമുഖം ലക്ഷ്യമിട്ടിട്ടില്ലെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലേക്കുള്ള വാണിജ്യ സാമഗ്രികളും ദുരിതാശ്വാസ സഹായങ്ങളും എത്തുന്ന പ്രധാന പാതയാണ് ഹുദൈദ തുറമുഖം.

‘പ്രകോപനത്തിന് കടുത്ത മറുപടി നല്‍കും’: സൗദി സഖ്യസേന

ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീരുത്വവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി ആരോപിച്ചു. ഹൂതികള്‍ ശത്രുതാപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ മടിയില്ലാതെ ശക്തമായ മറുപടി നല്‍കുമെന്നും ആവശ്യമായ എല്ലാ സൈനിക നടപടികളും തുടരുമെന്നും സൗദി സഖ്യസേന പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ: ഉയര്‍ന്ന കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് പച്ചക്കറിയും പഴങ്ങളും വില്‍ക്കാനിറങ്ങി ഐഐടി ബിരുദധാരി; പിന്നീട് സംഭവിച്ചതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

കഴിഞ്ഞ ബുധനാഴ്ച ചെങ്കടലില്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്നാണ് ഹൂതികളുടെ അവകാശവാദം.

നാല് വര്‍ഷത്തെ സമാധാനത്തിന് വിരാമം

സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ജൂലൈ 20-ന് ഹൂതികള്‍ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍, അനുമതിയില്ലാതെ ഇറാനിയന്‍ വിമാനം എത്തിയതിനെത്തുടര്‍ന്നാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതെന്ന് സൗദി പിന്തുണയുള്ള യെമന്‍ ഭരണകൂടം വിശദീകരിച്ചിരുന്നു.

2022-ല്‍ ഇരുവിഭാഗവും ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് പുതിയ ഏറ്റുമുട്ടലുകളോടെ വിരാമമായിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവിഭാഗവും വലിയ തോതിലുള്ള ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ഹൂതികള്‍ തടസ്സപ്പെടുത്തുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ വീണ്ടും പ്രതിസന്ധിയിലാക്കും. അതേസമയം, ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചിട്ടില്ലെന്നും, യെമനെതിരെയുള്ള സൗദിയുടെ ഉപരോധത്തിന് മറുപടിയായി സൗദി കപ്പലുകളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം വ്യക്തമാക്കി.

Saudi Arabia strikes Houthi-held Hodeidah, Yemeni group says

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക