തിരുവനന്തപുരം: ഒരു വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന എസ് സി, എസ് ടി വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റുള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തശ്രീഫ് കെപി നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് അംജദ് റഹ്‌മാന്‍, അഡ്വ. അലി സവാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
|
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്‌കോളര്‍ഷിപ്പ് തുകകള്‍ കുടിശ്ശിക സഹിതം ഉടനടി നല്‍കുക,പട്ടിക-ജാതി പട്ടിക-വര്‍ഗ വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റുകള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ഗവേഷക വിദ്യാര്‍ഥികളുടെ സ്‌കോഷര്‍ഷിപ്പുകള്‍ പ്രതിമാസം നല്‍കാനുള്ള നടപടി സ്വീകരിക്കുക, ഇ-ഗ്രാന്റുകള്‍ നല്‍കാന്‍ 2.5 ലക്ഷം എന്ന വരുമാനപരിധി നീക്കം ചെയ്യുക, ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് എസ്.സി./എസ്.ടി. വകുപ്പ് ഇറക്കിയ ഉത്തരവില്‍ ഗ്രാന്റുകള്‍ നല്‍കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന ക്ലോസ് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിവേദനം സമര്‍പ്പിച്ചത്.
പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുവാനും വിവിധ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുമായി നല്‍കപ്പെടുന്ന സാമ്പത്തിക പദ്ധതികള്‍ അടക്കമുള്ളവ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണ്, വിദ്യാര്‍ഥി-വിദ്യാഭ്യാസ അവകാശ നിഷേധങ്ങള്‍ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും തശ്രീഫ് കെപി പറഞ്ഞു.


