|
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ സോമാലിയൻ സ്വദേശിയായ ഭാര്യയെയും ഏഴുമക്കളെയും മലയാളി ഉപേക്ഷിച്ചുപോയതോടെ പെരുവഴിയിലായ എട്ടംഗ കുടുംബത്തെ സംരക്ഷിക്കാനായി മലയാളികളുടെ ഒത്തുചേരൽ. സോമാലിയയൻ തലസ്ഥാനമായ മൊഗാദിഷു സ്വദേശിയായ മുഅ്മിന എന്ന യുവതിയെ മലപ്പുറം പെരിന്തൽമണ്ണ പാണമ്പി സ്വദേശി അബ്ദുൽ മജീദ് ഉപേക്ഷിച്ചു പോയത് 2013ലാണ്. മുഅ്മിനയിൽ ആ സമയത്ത് അബ്ദുൽ മജീദിന് ആറു മക്കൾ പിറന്നിരുന്നു. മജീദ് ഇവരെ ഉപേക്ഷിച്ചു പോകുമ്പോൾ മുഅ്മിന ഗർഭിണിയുമായിരുന്നു. എന്നാൽ ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ അബ്ദുൽ മജീദ് ഇവരെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി. ഏഴു മക്കളെയുമായി മുഅ്മിന നരക ജീവിതം നയിച്ചു. കുട്ടികൾക്ക് ഒന്നും രേഖകളുണ്ടായിരുന്നില്ല. പലപ്പോഴും മുഅ്മിന പോലീസ് പിടിയിലായി. രണ്ടു മക്കളെ പോലീസ് പിടികൂടി സൗദിയിൽനിന്ന് നാടുകടത്തി. ഒരാൾ ഇപ്പോൾ സോമാലിയയിലും മറ്റൊരാൾ യെമനിലുമാണ്. അഞ്ചു പെൺമക്കളാണ് ഇപ്പോൾ മുഅ്മിനയുടെ കൂടെയുള്ളത്. ഈ കുടുംബത്തെ സഹായിക്കാണ് ഇന്നലെ ജിദ്ദയിലെ അബീർ ഓഡിറ്റോറിയത്തിൽ മലയാളികളുടെ നേതൃത്വത്തിൽ സംഗമം ചേർന്നത്.
ഇതുസംബന്ധിച്ച് സൗദിയിലെ മലയാളി മാധ്യമപ്രവർത്തകൻ വഹീദ് സമാൻ പങ്കുവച്ച പോസ്റ്റ്:
2021ലെ ഒക്ടോബർ. ജിദ്ദ ഷറഫിയയിലെ ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ പടികൾ കയറുമ്പോൾ മുകളിൽ ഇത്രയും സങ്കടം പൊതിഞ്ഞുവെച്ച ഒരു മുറി അടച്ചുവെച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഏഴു മക്കളുടെയും ഒരുമ്മയുടെയും കണ്ണീരിന്റെ നനവിൽ ആ മുറിയുടെ ചുവരുകൾ നനഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ കുട്ടി പതിയെ നടന്നുവന്ന് മടിയിൽ കയറി ഇരുന്നു. സോമാലിയക്കാരി മുഅ്മിനയും അവരുടെ ഏഴുമക്കളും ജീവിക്കുന്ന മുറിയായിരുന്നു അത്. ആ ഏഴു മക്കൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് പാണമ്പിയുടെ മക്കളാണിവർ. ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന കാലത്ത് മുഅ്മിനയിലുണ്ടായ മക്കൾ. ഒരു ദിവസം ഒന്നും പറയാതെ അയാൾ നാട്ടിലേക്ക് മുങ്ങി. പതിനാലു വർഷം മുമ്പാണ് അയാൾ പോയത്. മജീദ് പോകുന്ന സമയത്ത് മുഅ്മിനയുടെ വയറ്റിൽ മജീദിന്റെ ഒരു മോൾ കൂടി വളരുന്നുണ്ടായിരുന്നു.
(മുഅ്മിനയുടെയും മക്കളുടെയും ജീവിതം ഞാൻ നേരത്തെ വിശദമായി എഴുതിയിട്ടുണ്ട്. കമന്റ് ബോക്‌സിൽ ലിങ്കു തരാം. അന്ന് വായിക്കാത്തവർക്ക് വായിക്കാം.)
ഇന്ന് വീണ്ടും മുഅ്മിനയുടെ ജീവിതവുമായി വന്നത് അവരിപ്പോഴും അനാഥരാണ് എന്ന് പറയാനാണ്. മുഅ്മിനക്കും മക്കൾക്കും രക്ഷകനായി കഴിഞ്ഞ കുറെ വർഷമായി കൊണ്ടോട്ടി കുന്നുംപുറം സ്വദേശി അബ്ദുൽ സലാമുണ്ട്. സാധാരണ പ്രവാസിയായ അബ്ദുൽ സലാം ഈ കുടുംബത്തിന് വേണ്ടി ഓടിനടക്കുന്നത് കാണുമ്പോൾ മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത നദിക്കരയിൽ ഇരിക്കുന്ന പോലെയാണ്.
ഏതാനും മാസം മുമ്പാണ് ഒരു പാതിരാത്രിയിൽ സലാം വിളിക്കുന്നത്. ആ കുട്ട്യോളെ ഉമ്മാനെ പോലീസ് പിടിച്ചു. കുട്ടികളാകെ കരയുന്നു. എന്താ ചെയ്യാന്ന് അറീല എന്നൊരു പിടച്ചിലുണ്ടായിരുന്നു സലാമിൽ. രേഖകളില്ലാതെ ജീവിക്കുന്നവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്ന സമയമായിരുന്നു അത്. വീണ്ടും അനാഥരാകേണ്ടി വരുന്ന മക്കളെ പറ്റിയായിരുന്നു ആലോചന. ആരെയൊക്കെയോ വിളിച്ച് പിറ്റേന്ന് അവർ പുറത്തിറങ്ങി.
സൗദിയിലെ മനുഷ്യാവകാശ കമ്മീഷനിലേക്കും ഞങ്ങളൊരിക്കൽ ഈ കുട്ടികളുടെ ആവശ്യവുമായി കടന്നുചെന്നു. ആ നീക്കവും ഒരു വഴിക്ക് നടക്കുന്നുണ്ട്.
നാളെ (മാർച്ച് 16 വ്യാഴം) ഷറഫിയയിലെ അബീർ ഓഡിറ്റോറിയത്തിൽ ഈ കുട്ടികൾക്ക് വേണ്ടി ഒരു ചെറിയ പ്രോഗ്രാം നടക്കുന്നുണ്ട്. പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി എന്നാണ് പരിപാടിയുടെ തലക്കെട്ട്. ആ കുടുംബത്തിന് ജീവിച്ചുപോകാൻ ആവശ്യമായ സഹായങ്ങൾക്ക് വേണ്ടിയുള്ള ഒത്തുചേരലാണ്.
പ്രവാസ ലോകത്ത് ഒരു പക്ഷെ ഇത്തരത്തിൽ ഒരു ചടങ്ങ് ഇതാദ്യമായിരിക്കും. ഒരു മലയാളിയുടെ ഏഴു മക്കൾക്ക് വേണ്ടി, അവരുടെ കണ്ണീരൊപ്പാനായുള്ള ഒത്തുചേരൽ.
പങ്കെടുക്കാൻ സാധിക്കുന്നവരെല്ലാം നാളെ എത്തണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





