17
Mar 2023
Sun
17 Mar 2023 Sun

ന്യൂഡല്‍ഹി: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാസേനക്കാര്‍ കൊലപ്പെടുത്തിയ രാജസ്ഥാനിലെ ഗോപാല്‍ഗഡ് സ്വദേശികളായ ജുനൈദ് (35), നാസിര്‍ (25) എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനംചെയ്തു. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ആദ്യം കരാറടിസ്ഥാനത്തിലും പിന്നീട് സ്ഥിരനിയമനവുമാണ് നല്‍കുക.
കുടുംബത്തിന് എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനംനല്‍കിയതായി നാസിറിന്റെ സഹോദരന്‍ ഹാമിദ് പറഞ്ഞു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. എല്ലാ പ്രതികളും അഴിക്കുള്ളിലാകുമെന്ന് ഉറപ്പുവരുത്തുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ വിളിച്ച് കേസിന്റെ പുരോഗതി വിലയിരുത്താറുണ്ടെന്നും ഗെലോട്ട് പറഞ്ഞതായി ഹാമിദ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ രണ്ട് യുവാക്കളെ കാലിക്കടത്ത് ആരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി വാഹനത്തിലിട്ട് കത്തിച്ചത്. കേസിലെ മുഖ്യ ആസൂത്രകനും ബജ്റംഗ് ദള്‍ ജില്ലാ കോര്‍ഡിനേറ്ററുമായ മോനു മനേസര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകളുടെ കുടുംബവും നാട്ടുകാരും പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക