കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ കൊടിയ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആറുദിവസമായി വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് 19 കാരിയുടെ മരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ 19 കാരിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. അമ്മയുടെ പരാതിയില്‍ ആണ്‍സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപ് അറസ്റ്റിലായിരുന്നു.
|
ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി പെണ്‍കുട്ടി അത്ര നല്ല നിലയിലല്ല. അമ്മ മറ്റൊരു ക്വാട്ടേഴ്‌സിലായിരുന്നു താമസം. പെണ്‍കുട്ടി സാധാരണ ഈ വീട്ടില്‍ തനിച്ചായിരുന്നു താമസം.
സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമാണ് പൊലിസ് പറയുന്നത്. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാള്‍ ഷാള്‍ മുറിച്ചു. അതിന് ശേഷവും അനൂപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടി മരിച്ചതോടെ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Girl who was raped by boyfriend dies in Chottanikkara


