വിവാഹം എന്ന് കേള്‍ക്കുമ്പോഴേ ആദ്യം ഓര്‍മ വരുന്ന സ്വര്‍മാണ്. താലിമാല മുതല്‍ മഹര്‍ നല്‍കുന്ന സ്വര്‍ണം വരെ എല്ലാ മതവിഭാഗക്കാരും ഇക്കാര്യത്തില്‍ മല്‍സരമാണ്. സ്വര്‍ണത്തിന് വില കുത്തനെ കൂടിയതോടെ സാധാരണക്കാരായ രക്ഷിതാക്കളുടെ ആധി വര്‍ധിച്ചു. പെണ്‍ മക്കളെ കെട്ടിച്ചു വിടാന്‍ കിടപ്പാടം വിറ്റാല്‍ പോലും തികയാത്ത സ്ഥിതിയാണ്.
|
എന്തായാലും ഈ രീതിക്ക് അന്ത്യം കുറിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ജാന്‍സാര്‍ മേഖലയിലെ ഒരു ഗ്രാമപഞ്ചായത്ത്. സ്ത്രീകള്‍ വിവാഹത്തിന് മൂന്ന് ആഭരണങ്ങളില്‍ കൂടുതല്‍ ധരിക്കരുതെന്ന് നിയമം പാസാക്കിയിരിക്കുകയാണ് പഞ്ചായത്ത്. വര്‍ധിച്ചുവരുന്ന വരുമാന അസമത്വം ഗ്രാമങ്ങളില്‍ പ്രകടമാകുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം.
ഡെറാഡൂണ്‍ ജില്ലയിലെ യമുന, ടോണ്‍സ് നദികള്‍ക്കിടയിലുള്ള കാന്ധാര്‍, ഇന്ദ്രാണി ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. ഇതനുസരിച്ച്, വിവാഹങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് മൂക്കുത്തി, കമ്മലുകള്‍, മംഗല്യസൂത്രം എന്നിവ മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമാനും പഞ്ചായത്തുകള്‍ തീരുമാനിച്ചു.
ALSO READ: കേരളത്തില്‍ സ്വര്‍ണ വില വീണ്ടും താഴോട്ട്
എന്തായാലും ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ലാളിത്യം പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സൗഹൃദം വളര്‍ത്തുന്നതിനും വിവാഹ ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് ചിലര്‍ പ്രശംസിച്ചപ്പോള്‍, ഇത് വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് ചിലര്‍ പറയുന്നത്.
സമത്വവും ധൂര്‍ത്ത് നിയന്ത്രിക്കലുമാണ് ലക്ഷ്യമെങ്കില്‍, പുരുഷന്മാരുടെ മദ്യപാനത്തിനും ആഡംബര സദ്യകള്‍ക്കുമുള്ള ചെലവുകള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഇക്കൂട്ടരുടെ വാദം.’സ്വര്‍ണ്ണം ഒരു നിക്ഷേപമാണ്, അത് ആവശ്യമുള്ള സമയങ്ങളില്‍ കുടുംബങ്ങള്‍ക്ക് താങ്ങായി മാറും,. എന്നാല്‍ മദ്യം അനാവശ്യമായ ചെലവാണ്’, ഇവര്‍ ചൂണ്ടിക്കാട്ടി.
പല ഗ്രാമങ്ങളിലും വിവാഹങ്ങളില്‍ വിലകൂടിയ സമ്മാനങ്ങള്‍, ബ്രാന്‍ഡഡ് മദ്യം, വിഭവസമൃദ്ധമായ മാംസാഹാരങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം ഒരു പുതിയ സ്റ്റാറ്റസ് സിമ്പല്‍ ആയി മാറിയിരിക്കുകയാണ്.
ആഭരണ താല്‍പര്യം കുറയുന്നു
സ്വര്‍ണ്ണത്തോടുള്ള സാംസ്‌കാരികപരമായ താല്‍പ്പര്യം, നിക്ഷേപ താല്‍പ്പര്യം, പണപ്പെരുപ്പത്തില്‍ നിന്നുള്ള സംരക്ഷണം, സുരക്ഷിത ആസ്തി എന്ന നിലയിലുള്ള പ്രാധാന്യം എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വിപണികളിലൊന്നാണ് ഇന്ത്യ. 2024-ല്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണ്ണ ഉപഭോഗം 802.8 ടണ്ണായി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2025-ല്‍ സ്വര്‍ണ്ണത്തിനുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്. സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് ഇതിന് കാരണം.





