23
Feb 2023
Mon
23 Feb 2023 Mon

ന്യൂഡല്‍ഹി: ദേശീയ ന്യുനപക്ഷ കമ്മീഷണിന് ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും മുസ് ലിം സമുദായത്തില്‍ നിന്ന് തുടര്‍ച്ചയായ ആറാം തവണയും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതായി സര്‍ക്കാര്‍ രേഖ. വിടുതലൈ ചിരുതൈഗല്‍ കച്ചി എംപി ഡി.രവികുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്മീഷന് ലഭിച്ച മൊത്തം പരാതികളുടെ എണ്ണം എംപി ആവശ്യപ്പെടുകയായിരുന്നു. 2011ന് ശേഷം കഴിഞ്ഞ 10 വര്‍ഷമായി കമ്മീഷന്‍ പരാതികളില്‍ നടപടി സ്വീകരിക്കാത്തതിന്റെ കാലതാമസത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ 2021-22 വരെയുള്ള വാര്‍ഷിക റിപോര്‍ട്ടുകള്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും 1992-ലെ എന്‍സിഎം നിയമ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിനായി ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് വ്യവസ്ഥയില്ലെന്നും ഇറാനി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പരാതികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ കാണിക്കുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് വന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമായി 732 പരാതികളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്- രാജ്യവ്യാപകമായി ലഭിച്ച പരാതികളില്‍ പകുതിയോളം. ഡല്‍ഹിയില്‍ നിന്ന് 106 പരാതികളും മഹാരാഷ്ട്രയില്‍ നിന്ന് 60 പരാതികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ നല്‍കിയത് മുസ്ലീങ്ങളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2020-21ല്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ 1,105 പരാതികള്‍ നല്‍കിയിരുന്നെങ്കില്‍ 2021-22ല്‍ ഇത് 1,420 ആയി ഉയര്‍ന്നു. ജനുവരി 31 വരെ 1,279 പരാതികളെങ്കിലും അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഇത് പീഡനത്തിന്റെയും വിവേചനത്തിന്റെയും എണ്ണം വര്‍ദ്ധിക്കുന്നതായി സൂചിപ്പിക്കുന്നു.
ക്രിസ്ത്യാനികള്‍ 2020-21ല്‍ 103 പരാതികളും 2021-22ല്‍ 137 പരാതികളും നല്‍കി. ഈ പരാതികളില്‍ ഭൂരിഭാഗവും തമിഴ്നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് വന്നത്.