അഹ്‌മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ 157 സ്‌കൂളുകളിൽ ഒരുവിദ്യാർഥി പോലും വിജയിച്ചില്ല. കഴിഞ്ഞവർഷത്തെ ഫലം വന്നപ്പോൾ 121 സ്‌കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്‌കൂളുകൾ കൂടി 157 ആവുകയായിരുന്നുവെന്ന് കണക്കുകൾ സൂതിപ്പിക്കുന്നു. 1084 സ്‌കൂളുകളിലാകട്ടെ ഇക്കുറി 30 ശതമാനത്തിൽ താഴെയാണ് വിജയശതമാനം.
|
ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. ആകെ 7.34 ലക്ഷം വിദ്യാർത്ഥികൾ ആണ് പരീക്ഷയെഴുതിയത്. ഇതിൽ 4.74 ലക്ഷം മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം. 2022ൽ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു.
ജില്ലാതലത്തിൽ 76 ശതമാനം വിദ്യാർഥികൾ വിജയിച്ച സൂറത്ത് ഒന്നാമതെത്തി. ആദിവാസി ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷമായ ദാഹോദ് ജില്ലയാണ് ഏറ്റവും പിന്നിൽ. 40.75 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഇവിടെ വിജയിച്ചത്.
സംസ്ഥാനത്ത് 272 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 6111 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ1 ഗ്രേഡും 44480 പേർ എ2 ഗ്രേഡും 1,27,652 വിദ്യാർഥികൾ ബി2 ഗ്രേഡോടെയും വിജയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





