അഹമ്മദാബാദ്: ‘തങ്ങളുടെ സമൂദായത്തെ ആക്രമിച്ച ബി.ജെ.പി എം.എല്‍.എയ്ക്കും കുടുംബത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബമൊന്നിച്ച് ഇസ്ലാം സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ഗുജറാത്തിലെ ദലിത് നേതാവ് രാജേഷ് സോളങ്കി. ഓഗസ്റ്റ് 15ന് സ്വതന്ത്രദിനാഘോഷവേളയില്‍ മതംമാറുമെന്നാണ് ജുനാഗഢ് സിറ്റി കോണ്‍ഗ്രസ് എസ്.സിഎസ്.ടി സെല്‍ അധ്യക്ഷന്‍ രാജേഷ് സോളങ്കിയുടെ മുന്നറിയിപ്പ്. ദലിത് സമൂഹത്തിനെതിരെ തുടരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണു നടപടിയെന്ന് ദലിത് സംഘടനയായ അനുസൂചിത് ജാതി സമാജിന്റെ ജുനാഗഡ് ജില്ലാ അധ്യക്ഷന്‍ കൂടിയായ സോളങ്കി പറഞ്ഞു.
|

മതംമാറ്റത്തിനുള്ള അനുമതി തേടി ജുനാഗഢ് ജില്ലാ കലക്ടറെയും സോളങ്കി കണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കു വേണ്ട അപേക്ഷാ ഫോം കൈപ്പറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോളങ്കി കുടുംബത്തിലെ 150ഓളം പേരും ഇവര്‍ക്കു പിന്തുണ അറിയിച്ച് ഇസ്‌ലാമിലേക്കു മതംമാറുമെന്നു പ്രഖ്യാപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഗൊണ്ടാല്‍ ബി.ജെ.പി എം.എല്‍.എ ഗീതാബ ജഡേജയ്ക്കും ഭര്‍ത്താവും മുന്‍ എം.എല്‍.എയുമായ ജയരാജ് സിന്‍ഹിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സോളങ്കിയുടെ മകനും കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ നേതാവുമായ സഞ്ജയ് സോളങ്കിയെ ആക്രമിച്ച സംഭവത്തിലാണ് ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം രംഗത്തെത്തിയത്. രാജ്‌കോട്ടിലെ അറിയപ്പെടുന്ന ക്ഷത്രിയ നേതാവാണ് എം.എല്‍.എയുടെ ഭര്‍ത്താവ് ജഡേജ.
എം.എല്‍.എയുടെ മകന്‍ ജ്യോതിരാദിത്യ സിന്‍ഹ് എന്ന ഗൊണ്ടാല്‍ ഗണേഷ് ആണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്‌കോട്ട് ജില്ലയിലെ ഗൊണ്ടാലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഗണേഷിന്റെ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ആക്രമണം. ഇതു ചോദ്യംചെയ്ത സഞ്ജയിയെ തട്ടിക്കൊണ്ടുപോകുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി ആക്രമിക്കുകയുമായിരുന്നു. പൂര്‍ണമായി നഗ്‌നനായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരാതിക്കു പിന്നാലെ ഗണേഷിനും മറ്റു പത്തുപേര്‍ക്കുമെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എസ്.സിഎസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പ്രതികളെല്ലാം നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
മൂന്ന് തവണ ബി.ജെ.പി എം.എല്‍.എയായ ജയരാജ് സിന്‍ഹ് ആണ് മകനെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് രാജേഷ് സോളങ്കി ആരോപിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ബി.ജെ.പി ഗുജറാത്ത് ഭരിക്കുന്നുണ്ട്. ഇക്കാലയളവില്‍ ദലിതുകള്‍ക്കെതിരെ 5,000ത്തോളം ആക്രമണസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ഉന്നാവില്‍ ദലിത് യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ചവശരാക്കിയ സംഭവത്തിലെ ഇരകള്‍ക്ക് എട്ടു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്നും രാജേഷ് സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും ബി.ജെ.പിയും ഞങ്ങളുടെ ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ ഗാന്ധിനഗറിലേക്കു വലിയ റാലി സംഘടിപ്പിക്കും. ദലിതുകള്‍ക്കു നീതി തേടി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡക്കും നിവേദനം നല്കും. ഇതിനുശേഷവും നടപടിയില്ലെങ്കില്‍ ഇസ്‌ലാം സ്വീകരിക്കും. ഞങ്ങളെ മര്‍ദിച്ചവശരാക്കുന്നവരുടെ മതത്തില്‍ നില്‍ക്കുന്നതില്‍ ഒരഥവുമില്ല. ഞങ്ങളെ ഹിന്ദുക്കളായി അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇവിടെയുള്ളത്. നമസ്‌കരിക്കുന്ന ആളുകള്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണെന്നും സോളങ്കി അറിയിച്ചു.
ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സോളങ്കി 2009ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
Gujarat’s Congress Dalit Rajesh Solanki leader says family will convert to Islam if BJP MLA, husband don’t face action





