ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതി ഇവരെ തിരഞ്ഞെടുത്ത കാര്യം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയിലെ പ്രതിപക്ഷ അംഗമാണ് ചൗധരി. (Gyanesh Kumar and Sukhbir Singh Sandhu selected as new election commissioners)
|
പുതിയ കമ്മീഷണര്‍മാരുടെ നിയമനത്തില്‍ ചൗധരി അതൃപ്തി അറിയിച്ചു. കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്ക പട്ടിക തനിക്ക് നേരത്തേ ലഭ്യമാക്കിയില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.
ആറ് പേര് അടങ്ങുന്ന പട്ടികയാണ് സമിതിക്ക് മുന്നില്‍ വന്നത്. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായ പ്രകാരം ബല്‍ബീര്‍ സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും തിരഞ്ഞെടുക്കുകയായിരുന്നു. നിയമ മന്ത്രിയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട 200ലേറെ പേരില്‍ നിന്നാണ് ആറ് പേരെ തിരഞ്ഞെടുത്തത്. ഈ ആറ് പേരുടെ പട്ടിക തയ്യാറാക്കിയത് എങ്ങിനെയാണെന്ന് വ്യക്തമല്ല. യോഗം നടക്കുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് ആറ് പേരുടെ പട്ടിക തനിക്ക് ലഭിച്ചതെന്നും ചൗധരി പറഞ്ഞു.

1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബിന്ദര്‍ സന്ധുവും. കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാര്‍. ഉത്തരാഖണ്ഡ് കേഡറില്‍ നിന്നാണ് സുഖ്ബിന്ദര്‍ സന്ധു.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമടക്കം സുപ്രധാന സര്‍ക്കാര്‍ പദവികള്‍ സന്ധു നേരത്തെ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിലും അമിത് ഷായുടെ നേതൃത്വത്തിലുള്ള സഹകരണ മന്ത്രാലയത്തിലും കുമാര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രണ്ട് നിയമനങ്ങളും നടന്നത്.
ഫെബ്രുവരി 14ന് അനൂപ് ചന്ദ്ര വിരമിക്കുകയും കഴിഞ്ഞ ദിവസം അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി രാജി വയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് ഒഴിവുകള്‍ വന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





