73ാം പിറന്നാള്‍ നിറവില്‍ മോദി; Happy Birth Day PM
|
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. 1950 സപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വാദ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു. 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 18 ാം വയസ്സില്‍ യശോദബെന്‍ എന്ന 17 കാരിയെ വിവാഹം കഴിച്ചെങ്കിലും മുഴു സമയ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി അവരെ ഉപേക്ഷിച്ചു. 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കനത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിട്ടെങ്കിലും മോദിക്ക് രാഷ്ട്രീയ കരിയറില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഗുജറാത്ത് കലാപം, വിവിധ ഏറ്റുമുട്ടല്‍ കൊലകള്‍, അഴിമതിക്കേസുകള്‍, വിദ്യാഭ്യാസ യോഗത്യവിവാദം, വിവാഹിതനാണെന്ന കാര്യം സത്യവാങ്മൂലത്തില്‍ വിട്ടുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉണ്ടായെങ്കിലും മോദിയെ പരാജയപ്പെടുത്താനായില്ല.
രാജ്യം നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നതിനിടെയാണ് മോദിയുടെ പിറന്നാള്‍ എത്തിയിരിക്കുന്നത്.
ജന്മദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച ‘വിശ്വകര്‍മ ജയന്തി’ ദിനത്തില്‍, കരകൗശല വിദഗ്ധരെയും പരമ്പരാഗത വൈദഗ്ധ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പിഎം വിശ്വകര്‍മ കൗശല്‍ യോജനക്ക് മോദി തുടക്കം കുറിക്കും.





