30
Jun 2023
Sun
30 Jun 2023 Sun

ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ ദുരന്തത്തിനു പിന്നാലെ വ്യാജ-വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ പ്രൊഫൈലുകൾ. അപകടം നടന്ന സ്ഥലത്തെ ക്ഷേത്രത്തെ പള്ളിയാക്കിയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്. അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നും ജിഹാദിനായി ഹൈവേയ്ക്ക് സമീപം മുസ്‌ലിം കോളനിയും പള്ളിയും സ്ഥിതി ചെയ്യുന്നു എന്നുമാണ് വിദ്വേഷ പ്രചരണം. അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യം പങ്കുവച്ചാണ് പള്ളിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി ഹിന്ദുത്വ പ്രൊഫൈലുകളാണ് സോഷ്യൽമീഡിയകളിലൂടെ വ്യാജ പ്രചരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘അപകടം നടന്നത് വെള്ളിയാഴ്ച, തൊട്ടടുത്ത് ഒരു പള്ളി. ജിഹാദിനായി ഹൈവേയ്ക്കും റെയിൽവേ ട്രാക്കിനും സമീപം മുസ്‌ലിം കോളനിയും പള്ളിയും..’ എന്നാണ് വിരേന്ദ്ര തിവാരി എന്ന ബിജെപി നേതാവിന്റെ ട്വീറ്റ്.

ഇയാളെ കൂടാതെ മറ്റ് നിരവധി ഹിന്ദുത്വ പ്രൊഫൈലുകളും സമാന ചിത്രം പങ്കുവച്ച് പള്ളിയെന്ന രീതിയിൽ വ്യാജ-വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്. ആരാധനാലയത്തിന്റെ ചിത്രം വട്ടമിട്ടാണ് പലരും ഇത്തരം ട്വീറ്റുകൾ പങ്കുവയ്ക്കുന്നത്. എന്നാൽ ആൾട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്കിങ് സൈറ്റുകൾ ഇത് പള്ളിയല്ലെന്നും ക്ഷേത്രമാണെന്നുമുളള റിപ്പോർട്ടുകൾ പുറത്തുവിട്ടതോടെ തിവാരിയടക്കം പലരും ഈ ട്വീറ്റ് മുക്കി.

The Random Indian (@randomsena) എന്ന ഉപയോക്താവ് അടക്കമുള്ള മറ്റ് നിരവധി പേർ, ഈ കെട്ടിടത്തിലേക്ക് അമ്പടയാളം ചേർത്തുള്ള ചിത്രമാണ് ട്വീറ്റ് ചെയ്തത്, ‘ഇന്നലെ വെള്ളിയാഴ്ചയായിരുന്നു, വെറുതെ പറഞ്ഞെന്നു മാത്രം’ എന്നാണ് ഇയാൾ കുറിച്ചത്. ദുരന്തത്തിന് ഉത്തരവാദി മുസ്‌ലിങ്ങളാണെന്ന് അവകാശപ്പെടാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. ട്രെയിൻ അപകടം മുസ്‌ലിങ്ങളുടെ ആസൂത്രിത ആക്രമണമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരം വ്യാജ-വിദ്വേഷ പ്രചരണങ്ങളിലൂടെ ഇവർ ശ്രമിക്കുന്നതെന്നും ട്വീറ്റുകളിൽ നിന്നും വ്യക്തമാണ്.

എന്നാൽ ഇത് പള്ളിയല്ലെന്നും തങ്ങളുടെ അന്വേഷണത്തിൽ ഇത് ബഹനാഗ ഇസ്‌കോൺ ക്ഷേത്രമാണെന്ന് കണ്ടെത്തിയതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം അവിടെയെത്തി തങ്ങളുടെ റിപ്പോർട്ടർക്ക് ബോധ്യപ്പെട്ടതായും ആൾട്ട് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ട്രെയിൻ അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ ​മാറ്റമാണ് എന്നാാണ് നിഗമനമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

288 പേരാണ് ഇതുവരെ ദുരന്തത്തില്‍ മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.