പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത, ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല
|
ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയെന്ന് സ്ഥിരീകരിച്ച് മുന്‍ താരം ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നും ഒലോങ്ക ട്വീറ്റ്‌ചെയ്തു.
ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച സിംബാബ്വെ താരങ്ങളിലൊരാളാണ്. 1990കളിലും 2000മാണ്ടിന്റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.
2005ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സിബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര വിക്കറ്റുകള്‍ നേടിയ പേസര്‍ കൂടിയായ സ്ട്രീക്ക് ടെസ്റ്റില്‍ 100 വിക്കറ്റ് വീഴ്ത്തിയ ഏക സിംബാബ്വെ ബൗളറുമാണ്.
I can confirm that rumours of the demise of Heath Streak have been greatly exaggerated. I just heard from him. The third umpire has called him back. He is very much alive folks. pic.twitter.com/LQs6bcjWSB
— Henry Olonga (@henryolonga) August 23, 2023


