തൊടുപുഴ: ഇടുക്കി, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വിവിധ ഇടങ്ങളില്‍ ഉരുള്‍ പൊട്ടി. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാളെ കാണാതായി.
|
ഇടുക്കിയില്‍ തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂര്‍ മലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ചള്ളാവയലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അടൂര്‍ മലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചില്‍ ഒരാളെ കാണാതായി. പ്രദേശവാസിയായ സ്ത്രീയെയാണ് കാണാതായത്. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടതായാണ് വിവരം.
കരിങ്കുന്നം നെല്ലാപ്പാറയില്‍ രണ്ടിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഒളമറ്റം, തെക്കുംഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
കോട്ടയത്ത് മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോട്ടയം, തീക്കോയി, മംഗളഗിരി, കൈപ്പള്ളം എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടിയതായാണ് വിവരം. പാലാ നഗരത്തിലേക്ക് വെള്ളം ഇരച്ചെത്തുന്നു. കോട്ടയവും ഈരാറ്റുപേട്ടയും വെള്ളപ്പൊക്ക ഭീതിയിലാണ.്
-കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി,
-ദേവിയാര്‍ പുഴ കരകവിഞ്ഞു.
-കോട്ടയത്തും ശക്തമായ മഴ
-ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞു
-12 ഇടത്ത് മണ്ണിടിഞ്ഞു
-ഉപ്പുതറയിലും മത്തായിപ്പാറയിലും മണ്ണിടിച്ചില്‍
-5 ജില്ലകളില്‍ റെഡ് അലര്‍ട്ട്
-തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില് മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചില് സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു. നദികളില് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന് തയ്യാറാകണം- കളക്ടര് നിര്ദേശിച്ചു.
Tags:
Kerala heavy rain, Idukki landslide, Kottayam landslide
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



