29
Mar 2024
Sun
29 Mar 2024 Sun

ഗുജറാത്ത് സര്‍വകലാശാലയില്‍ റമദാനിലെ രാത്രി നിസ്‌കാരത്തിനിടെ ജയ് ശ്രീ റാം വിളിയുമായെത്തി ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍വകലാശാലയില്‍ റമദാനിലെ പ്രത്യേക രാത്രി പ്രാര്‍ഥനയായ തറാവീഹ് നിസ്‌കരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ഹിന്ദുത്വ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദിച്ചു. അഹ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി ആണ് സംഭവം. സര്‍വകലാശാലയുടെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് നിസ്‌കരിക്കുന്നവരെയാണ് ആക്രമിച്ചത്.

കാവി ഷാളുകള്‍ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി അക്രമി സംഘം വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘം ഹോസ്റ്റല്‍ കെട്ടിടത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു.

അഞ്ചു വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവര്‍ കൈയില്‍ കരുതിയിരുന്നതായും വിദ്യാര്‍ഥികളെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

യൂനിവേഴ്‌സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതര്‍ ഹോസ്റ്റലില്‍ അനുവദിച്ച സ്ഥലത്ത് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയത്. കാവി ഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ തങ്ങളെ തള്ളിമാറ്റി ആരാണ് അവിടെ പ്രാര്‍ഥിക്കാന്‍ അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അവരുടെ ചോദ്യം മനസിലായില്ലെന്നും ഉത്തരം നല്‍കുന്നതിനു മുമ്പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

hindutva mob attacks in gujarat university for offering ramzan taraweeh