ന്യൂഡല്‍ഹി: യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദാബോല്‍ക്കറെ (67) വെടിവച്ചു കൊന്ന കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. ഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സംസ്ഥ പ്രവര്‍ത്തകരായ സച്ചിന്‍ ആന്ദുറെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്കാണ് പൂനെയിലെ പ്രത്യേക കോടതി തടവ് വിധിച്ചത്. മൂന്ന് പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ( Hindutva terrorists who shot dead Narendra Dabolkar get life imprisonment )
|
ഇഎന്‍ടി സര്‍ജന്‍ ഡോ. വിരേന്ദ്ര സിങ് തവാദെ, മുബൈയിലെ അഭിഭാഷകന്‍ സഞ്ജീവ് പുനലേകര്‍, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം തവാദെയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍.

മഹാരാഷ്ട്ര അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതി സ്ഥാപകനായ ദബോല്‍ക്കറെ 2013 ആഗസ്ത് 20ന് പൂനെയില്‍ പ്രഭാത സവാരിക്കിടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊന്നത്. അന്ധവിശ്വാസം, അനാചാരങ്ങള്‍, ജാതിവിവേചനം, മതഭ്രാന്ത് എന്നിവയ്‌ക്കെതിരേ ശക്തമായ പ്രചാരണങ്ങള്‍ നടത്തിയിരുന്ന ദബോല്‍ക്കര്‍ സംഘപരിവാരത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ദബോല്‍ക്കറുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 2015ല്‍ കോലാപൂരില്‍ കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ, 2015ല്‍ കര്‍ണാടകയില്‍ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി, 2017ല്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകം സമാന കാരണങ്ങള്‍ കൊണ്ടായിരുന്നു. പന്‍സാരെയുടെയും ലങ്കേഷിന്റെയും കൊലപാതകത്തിലും തനിക്ക് പങ്കുള്ളതായി കലാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു.
തുടക്കത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് കേസ് സിബിഐ അന്വേഷിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം കോടതി നിരീക്ഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ദബോല്‍ക്കറുടെ മകള്‍ മുക്ത ദബോല്‍ക്കറുടെ ആവശ്യം തള്ളിയിരുന്നു. സിബിഐ ആണ് അഞ്ച്‌പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
തവാദെ, ആന്ദുറെ, കലാസ്‌കര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണ്. ഭാവെയും പുനലേക്കറും ജാമ്യത്തിലിറങ്ങിയിരുന്നു.





