‘ഈ പ്രഭാതം ഞങ്ങള്‍ക്ക് ഏറെ വിഷമകരമാണ്. ഏറ്റവും പ്രിയപ്പെട്ട പൂനം ഞങ്ങളെ വിട്ടുപോയി.” ഇങ്ങനെ തുടങ്ങുന്ന വരികളിലൂടെയാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പി.ആര്‍. ടീം ലോകത്തെ അറിയിച്ചത്. വിവരം പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം പ്രധാന മാധ്യമങ്ങള്‍ പൂനത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഏറ്റെടുത്തു. എന്നാല്‍ 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്വന്തം മരണം നിഷേധിച്ച് പൂനം തന്നെ രംഗത്തെത്തുന്നു. എന്ത് വട്ടെന്ന് നാട്ടുകാര്‍ ഒന്നടങ്കം ചോദിക്കുമ്പോള്‍ താരത്തിന്റെ വിശദീകരണം വന്നു… സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആയിരുന്നുവത്രേ വ്യാജവാര്‍ത്ത പുറത്തുവിട്ടത്.
|
ഉദ്ദേശ്യശുദ്ധി പോലും പരിഗണിക്കാന്‍ ആരും തയ്യാറില്ല, കാരണം ഇത് പൂനം പാണ്ഡെ ആണ്. ഇതുപോലെ വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള പരിപാടികള്‍ കുറെയായി എന്നാണ് സൈബര്‍ ലോകം ഒന്നടങ്കം പറയുന്നത്. വളരെ ലജ്ജാകരമായ ചീപ്പ് ഷോ, എക്കാലത്തെയും മോശപ്പെട്ട പബ്ലിസിറ്റി, അറസ്റ്റ് ചെയ്യണം’ എന്നതടക്കമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
വിവാദ പ്രസ്താവനകളിലൂടെ താരം തലക്കെട്ടുകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല.
ലോകകപ്പ് പ്രഖ്യാപനം
ഇന്ത്യ ലോകകപ്പ് നേടിയാല്‍ പൂര്‍ണ്ണ നഗ്‌നയായി താന്‍ ഓടുമെന്ന 2011ലെ പൂനത്തിന്റെ പ്രഖ്യാപനം വന്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ കപ്പ് നേടിയെങ്കിലും പൂനത്തെ ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. അതുകൊണ്ട് താരത്തിന് വാക്ക് പാലിക്കാനായില്ലെന്ന് മാത്രം.
ഐപിഎല്‍ നഗ്‌നഫോട്ടോ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎലില്‍ വിജയിച്ചാല്‍ 2011 പ്രഖ്യാപനം നടപ്പാക്കുമെന്ന് പറഞ്ഞ് പൂനം വീണ്ടും രംഗത്തെത്തി. ഇതും തലക്കെട്ടുകളില്‍ ഇടംപിടിച്ചു. എന്നാല്‍ ഇത്തവണ വാക്കുപാലിച്ചു, കെകെആര്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ തന്റെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഭര്‍ത്താവിനെതിരെ പരാതി, കേസ്
ഗാര്‍ഹികപീഡനം ആരോപിച്ച് 2021ല്‍ പൂനം പാണ്ഡെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പിന്നീട് ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയ്ക്കിടെ താന്‍ നേരിട്ട പീഡനം താരം തുറന്നുപറയുകയും ചെയ്തു.
പാണ്ഡെ ആപ്പ്
സ്വന്തം പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് 2017ല്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഗൂഗിള്‍ പിന്‍വലിച്ചു. കാരണം അറിയില്ലെന്നും തന്റെ വെബ്‌സൈറ്റില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം എന്നും പിന്നീട് താരം വിശദീകരിച്ചു. ‘അഡള്‍ട്ട് കണ്ടന്റ്’ ആണ് കാരണമെന്നാണ് പ്രചരിച്ചത്.
ലോക്ക്ഡൗണിലെ അറസ്റ്റ്
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങി നടന്ന പൂനം പാണ്ഡെയും ഭര്‍ത്താവ് സാം ബോംബെയും അറസ്റ്റിലായി. ഇതും വാര്‍ത്തകളില്‍ നിറയുകയും ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ഇരുവര്‍ക്കുമെതിരെ വന്‍ വിമര്‍ശനം ഉയരുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിനെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും അത് വേണ്ടത്ര മാധ്യമശ്രദ്ധ നേടാതെ പോയി. തന്റെ മരണവാര്‍ത്തയിലൂടെ ഈ വിഷയത്തെ പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ഈ സാഹസം വിപരീതഫലമാണ് ഉണ്ടാക്കിയത് എന്നാണ് ആദ്യസൂചനകള്‍.


