29
Sep 2023
Sun
29 Sep 2023 Sun

ഗുജറാത്തില്‍ ദലിതന്‍ ഉടമയായ റേഷന്‍ഷോപ്പിലേക്ക് ആരും വരുന്നില്ല; കാര്‍ഡ് അടുത്ത ഗ്രാമത്തിലേക്ക് മാറ്റിനല്‍കി കലക്ടര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതന്‍ ഉടമയായ റേഷന്‍ഷോപ്പിലേക്ക് മേല്‍ജാതിക്കാര്‍ ആരും വരാതിരുന്നതോടെ ഇവരുടെയെല്ലാം കാര്‍ഡുകള്‍ അടുത്ത ഗ്രാമത്തിലേക്ക് മാറ്റിനല്‍കി കലക്ടര്‍. പത്താന്‍ ജില്ലയിലെ കനോസന്‍ ഗ്രാമത്തിലെ കാന്തികുമാര്‍ എന്ന ദലിത് യുവാവ് നടത്തുന്ന റേഷന്‍കട ആണ് മേല്‍ജാതിക്കാര്‍ ബഹിഷ്‌കരിച്ചത്. ഇതോടെ റേഷന്‍ കടയില്‍നിന്ന് സാധനം വാങ്ങാന്‍ തയാറാകാത്ത 436 പേരുടെ റേഷന്‍ കാര്‍ഡുകള്‍ അടുത്ത ഗ്രാമത്തിലെ റേഷന്‍കടയിലേക്ക് ജില്ലാ കലക്ടര്‍ അരവിന്ദ് വിജയന്‍ മാറ്റിനല്‍കി.

സ്ഥലത്തെ ഭൂരിഭാഗമായ താക്കൂര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഒന്നര വര്‍ഷംമുമ്പ് പ്രതിമാസ റേഷന്‍ വാങ്ങുന്നത് നിര്‍ത്തി. തുടര്‍ന്നാണ്, അയല്‍ഗ്രാമമായ എഡ്‌ലയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. 436 റേഷന്‍ കാര്‍ഡുകളും അവിടുത്തെ റേഷന്‍ കടയിലേക്ക് മാറ്റി ഉത്തരവ് നല്‍കുകയും ചെയ്തു. ഈ മാസം 12നാണ് ഇതുസംബന്ധിച്ച ഉത്തരവ് കലക്ടര്‍ ഇറക്കിയത്.

മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ടുചെയ്തതോടെ കലക്ടറുടെ നടപടിക്കെതിരെ വിമര്‍ശം ശക്തമായി. ജാതി വിവേചനത്തിന്റെ പേരിലുള്ള ബഹിഷ്‌കരണ നീക്കത്തിന് സാധുത നല്‍കുന്ന നടപടിയാണുണ്ടായതെന്ന് സമൂഹ മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ വിമര്‍ശിച്ചു.

അതേസമയം, റേഷന്‍ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന് ഗ്രാമീണര്‍ക്ക് താക്കൂര്‍ സമുദായ നേതാവ് രഘു താക്കൂര്‍ പറഞ്ഞു. ഇതിനാലാണ് റേഷന്‍ വിതരണം മറ്റ് കടകളിലേക്ക് മാറ്റിയതെന്നാണ് വില്ലജ് അധികൃതരുടെ വാദം.

In Gujarat, villagers won’t buy ration from Dalit’s shop, collector transfers all cards to nearby village