|
മൈസൂരു: താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് കാമുകൻ്റെ ഫോണ്‍കോള്‍ വന്നതോടെ നിശ്ചയിച്ച കല്യാണം മുടങ്ങി. ഇതോടെ വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ഇന്നലെ രാവിലെ കർണാടകയിൽ ഹാസന്‍ ജില്ലയിലെ ആദിപുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് നാടകീയസംഭവം.
ബുവനഹള്ളിയില്‍നിന്നുള്ള യുവതിയുടെയും ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വിവാഹവേദിയിലിരിക്കുമ്പോള്‍ ആണ് വധുവിന് ഫോണ്‍കോള്‍ ലഭിച്ചത്. ഉടൻ വധു എഴുന്നേറ്റ് വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമില്‍ച്ചെന്ന് കയറി വാതിൽ അടച്ചു. മാതാപിതാക്കള്‍ എത്ര അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവതി മുറിയില്‍നിന്ന് ഇറങ്ങുകയോ വിവാഹത്തിന് സമ്മതിക്കുകയോ ചെയ്തില്ല. ആണ്‍സുഹൃത്തില്‍നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ വരന്റെ കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നാലെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി.
ബദവാനെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. പോലീസ് ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചര്‍ച്ച നടത്തുകയും കുടുംബങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിവാഹച്ചെലവുകള്‍ പങ്കിടാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു, വിവാഹം റദ്ദാക്കാന്‍ വരന്റെ കുടുംബം സമ്മതിച്ചു. വരന്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ്, വിവാഹത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി പറയപ്പെടുന്നു.
In n love with another man, bride calls off wedding halfway through rituals, cops come to rescue


