10
Feb 2026
Mon
10 Feb 2026 Mon
baggage rule

India customs baggage rules വിദേശത്ത്‌ നിന്ന് ഇന്ത്യയിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങള്‍ കഴിഞ്ഞ നിലവില്‍ വന്നു. 2016ല്‍ പുറത്തിറക്കിയ ബാഗേജ് നിയമങ്ങളാണ് ഈ മാസം 2 മുതല്‍ പുതുക്കിയിരിക്കുന്നത്. വിദേശത്ത് നിന്നു വരുന്ന ഇന്ത്യക്കാര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ഫ്രീ അലവന്‍സ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുക്കിയ ബാഗേജ് നിയമങ്ങളുമയി ബന്ധപ്പെട്ട പ്രധാന നിബന്ധനകള്‍ അറിയാം

ബാഗേജ് നിയമങ്ങള്‍ ആര്‍ക്കെല്ലാം ബാധകമാണ് ?

വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ബാധകമാണ് (താമസക്കാര്‍, വിനോദസഞ്ചാരികള്‍ ഇന്ത്യന്‍ വംശജരും വിദേശ വംശജരും, സാധുവായ വിസയുള്ള വിദേശികള്‍, ശിശുക്കള്‍ എന്നിവര്‍).

ആരാണ് ‘വിനോദസഞ്ചാരി’

സാധാരണയായി ഇന്ത്യയില്‍ താമസിക്കാത്ത, 12 മാസത്തിനുള്ളില്‍ 6 മാസത്തില്‍ കൂടുതലല്ലാത്ത കാലയളവിലേക്ക് നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ പ്രവേശിക്കുന്ന വ്യക്തി.

 ഈ നിയമങ്ങള്‍ പ്രകാരം ‘താമസക്കാരന്‍’ ആരാണ്?

സാധാരണയായി ഇന്ത്യയില്‍ താമസിക്കുന്നവരും പാസ്പോര്‍ട്ട് ആക്ട്, 1967 പ്രകാരം സാധുവായ പാസ്പോര്‍ട്ട് കൈവശമുള്ളവരും.

‘വ്യക്തിഗത വസ്തുക്കള്‍’ എന്നതിന്റെ അര്‍ഥമെന്താണ്?

യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിന് യാത്രക്കാരന് ആവശ്യമായേക്കാവുന്ന എല്ലാ സാധനങ്ങളും (പുതിയതോ ഉപയോഗിച്ചതോ). (വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ഒഴികെ)

ഉപയോഗിച്ച വ്യക്തിഗത വസ്തുക്കള്‍ എന്താണ്? അവയ്ക്ക് തീരുവ നല്‍കേണ്ടതുണ്ടോ?

ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാത്രയ്ക്കും ആവശ്യമായ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കള്‍, സുവനീറുകള്‍ എന്നിവ ശിശുക്കള്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും തീരുവ രഹിതമായി അനുവദനീയമാണ്. ഇതില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ടോയ്ലറ്ററികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യന്‍ താമസക്കാര്‍ക്കുള്ള പൊതു തീരുവരഹിത ആനുകൂല്യം എന്താണ് ?

വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യന്‍ വംശജരായവര്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ സാധുവായ വിസയുള്ള വിദേശികള്‍ക്കോ (ടൂറിസ്റ്റ് വിസ ഒഴികെ) 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങള്‍ തീരുവ രഹിതമായി കൊണ്ടുവരാം.

 വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള തീരുവ രഹിത ആനുകൂല്യം എന്താണ്?

വിമാനത്തിലോ കപ്പലിലോ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് 25,000 രൂപവരെ മൂല്യമുള്ള സാധനങ്ങള്‍ തീരുവ രഹിതമായി കൊണ്ടുവരാം.

 ഒരു വ്യക്തിക്ക് തീരുവരഹിത ആനുകൂല്യം തന്റെ കുടുംബാംഗങ്ങളുമായി കൂട്ടിച്ചേര്‍ക്കാനാകുമോ ?

ഇല്ല.

ലാപ്ടോപ്പ് തീരുവ രഹിതമായി കൊണ്ടുവരാന്‍ കഴിയുമോ?

പുതിയ ബാഗേജ് റൂള്‍സ് പ്രകാരം 18 ഉം അതില്‍ കൂടുതല്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് (ക്രൂ അംഗങ്ങള്‍ ഒഴികെ) ബോണഫൈഡ് ബാഗേജില്‍ നോട്ട്പാഡ് ഉള്‍പ്പെടെ പുതിയ ലാപ്ടോപ് തീരുവ രഹിതമായി കൊണ്ടുവരാം.

 ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ അല്ലാതെ ഒന്നോ അതിലധികമോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാമോ?

പുതുക്കിയ ചട്ടങ്ങളില്‍ ഫോണിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെങ്കിലും 75000 രൂപയുടെ മൂല്യത്തിന് മാത്രമേ തീരുവ ഈടാക്കാതിരിക്കുകയുള്ളൂ എന്നതിനാല്‍ അതിനു മുകളില്‍ വരുന്ന മുഴുവന്‍ തുകയ്ക്കും ഡ്യൂട്ടി അടയ്‌ക്കേണ്ടി വരും. സ്വാഭാവികമായും പുതിയ ഐഫോണുകള്‍ക്ക് ഇതിനെക്കാള്‍ വിലയുള്ളതിനാല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന തീരുവ അടയ്‌ക്കേണ്ടി വരും.

 ആഭരണങ്ങള്‍ക്കുള്ള തീരുവ രഹിത ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

ഒരു വര്‍ഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യന്‍ വംശജനായ താമസക്കാരന് അല്ലെങ്കില്‍ വിനോദസഞ്ചാരിക്ക് താഴെ പറയുന്ന അളവില്‍ തീരുവ രഹിതമായി ആഭരണങ്ങള്‍ കൊണ്ടുവരാം:
വനിതാ യാത്രക്കാരി: 40 ഗ്രാം വരെ
പുരുഷ യാത്രക്കാരന്‍: 20 ഗ്രാം വരെ
(ഇത് പൊതു സൗജന്യ ആനുകൂല്യത്തിന് പുറമേയാണ്.)

ഏതെല്ലാം വസ്തുക്കള്‍ തീരുവ രഹിത ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നില്ല?

തോക്കുകള്‍, 50ല്‍ കൂടുതല്‍ തോക്ക് വെടിയുണ്ടകള്‍,100 എണ്ണത്തില്‍ കൂടുതല്‍ സിഗരറ്റുകള്‍ അല്ലെങ്കില്‍ 25 എണ്ണത്തില്‍ കൂടുതല്‍ സിഗാറുകള്‍ അല്ലെങ്കില്‍ 125 ഗ്രാമില്‍ കൂടുതല്‍ പുകയില, 2 ലീറ്ററില്‍ കൂടുതല്‍ ലഹരി പാനീയം അല്ലെങ്കില്‍ വൈന്‍, ആഭരണങ്ങള്‍ ഒഴികെയുള്ള ഏതെങ്കിലും രൂപത്തിലുള്ള സ്വര്‍ണം അല്ലെങ്കില്‍ വെള്ളി, ടെലിവിഷന്‍. ഈ വസ്തുക്കള്‍ക്ക് ഒന്നുകില്‍ തീരുവ അടയ്ക്കുകയോ അല്ലെങ്കില്‍ നിയമപരമായ മറ്റു നടപടിക്രമങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്യേണ്ടിവരും.