കൊളംബോ: ഏഷ്യാകപ്പില്‍ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ 266ന് ഔള്‍ ഔട്ടാക്കി പാക് ബൗളര്‍മാര്‍. ശ്രീലങ്കയിലെ പല്ലെകലെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യത്തെ കൂട്ടത്തകര്‍ച്ച അതിജീവിച്ച ഇന്ത്യ ഒടുവില്‍ പൊരുതാവുന്ന റണ്‍സ് നേടുകയായിരുന്നു. യുവതാരം ഇഷന്‍ കിഷനും(82) ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും(87) നേടിയ ഉജ്വല ഫിഫ്ടിയാണ് ഇന്ത്യക്ക് മെച്ചപ്പെട്ട റണ്‍സ് ലഭ്യമാക്കിയത്.
|
നാലു വിക്കറ്റുമായി ഷാഹിന്‍ഷാ അഫ്രീദിയാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. നേരത്തെ ടോസ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും തീരുമാനം പാളിയെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. മഴ കളി തടസപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ബാറ്റിങ്ങിനെ ഷാഹിന്‍ഷായും ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേര്‍ന്നു വിറപ്പിക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മയെ(11) വീഴ്ത്തി ആക്രമണത്തിനു തുടക്കമിട്ട ഷാഹിന്‍ഷാ, പിന്നീട് വിരാട് കോലിയെയും മടക്കി. രണ്ടുപേരെയും താരം ബൗള്‍ഡാക്കുകയായിരുന്നു. വെറും നാലു റണ്‍സായിരുന്നു കോലിയുടെ നേട്ടം.
ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യറും(14) വലിയ സംഭാവന നല്‍കാതെ മടങ്ങി. ഹാരിസ് റഊഫിന്റെ പന്തില്‍ ഫഖര്‍ സമാന്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. ഹാരിസ് റഊഫിന്റെ പന്തില്‍ പ്രതിരോധം തകര്‍ന്ന് ഓപണര്‍ ശുഭ്മന്‍ ഗില്ലും(10) ബൗള്‍ഡായതോടെ ഇന്ത്യ നാലിന് 66 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. ഇതിനിടെ മഴ വില്ലനായതും ഇന്ത്യയെ ബാധിച്ചു.
ഇവിടെനിന്നാണ് ഇഷാന്‍ കിഷനും പാണ്ഡ്യയും ഇന്ത്യയെ കരകയറ്റിയത്. ഹാരിസ് റഊഫിന്റെ ഷോര്‍ട്ട് പിച്ച് പന്ത് തൂക്കിയടിക്കാന്‍ നോക്കിയ കിഷന്റെ ഇന്നിങ്‌സ് പാക് നായകന്‍ ബാബര്‍ അസമിന്റെ കൈയില്‍ അവസാനിച്ചു. 81 പന്തില്‍ നിന്ന് 9 ഫോറും 2 സിക്‌സും പറത്തിയാണ് കിഷന്‍ 82 റണ്‍സെടുത്തത്. എങ്കിലും പാണ്ഡ്യ നിര്‍ത്തിയില്ല. ഷാഹിന്‍ഷായുടെ പന്തില്‍ ആഗാ സല്‍മാന്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. 90 പന്തില്‍ 87 റണ്‍സെടുത്ത പാണ്ഡ്യയുടെ ഇന്നിങ്‌സില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ജസ്പ്രീത് ബുംറ (14 പന്തില്‍ മൂന്നു ഫോര്‍ സഹിതം 16) വാലറ്റത്ത് രണ്ടക്കം തികച്ചു.
10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്താണ് ഷഹിന്‍ഷാ 4 വിക്കറ്റ് നേടിയത്. നസീം ഷായും ഹാരിസ് റഊഫും മൂന്നു വീതവും വിക്കറ്റും വീഴ്ത്തി.





