ലണ്ടന്‍: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനെക്കുറിച്ചും വാചാലരാകുന്ന ഫിഫയുടെ (FIFA) ഇരട്ടത്താപ്പ് തുറന്നുകാട്ടി ബിബിസിയുടെ (BBC) അന്വേഷണ റിപ്പോര്‍ട്ട്. ഈ വര്‍ഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ (Gianni Infantino) സ്വകാര്യ ജെറ്റില്‍ പറന്നത് 50,000-ത്തിലധികം കിലോമീറ്റര്‍!
|
ഗ്രൂപ്പ് ഘട്ടത്തിലെ വിപുലീകരണത്തോടെ മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച ടൂര്‍ണമെന്റില്‍, വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ 24 മത്സരങ്ങളിലാണ് ഇന്‍ഫാന്റിനോ നേരിട്ടെത്തിയത്. ഇതിനായി ആയിരക്കണക്കിന് എയര്‍ മൈലുകളാണ് അദ്ദേഹം പിന്നിട്ടത്. ‘കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം എന്നിവയിലെല്ലാം ഞങ്ങളുടെ പങ്ക് കൃത്യമായി നിര്‍വ്വഹിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ എന്ന് ഫിഫയുടെ 2026 ലോകകപ്പ് സുസ്ഥിരതാ നയത്തില്‍ ഇന്‍ഫാന്റിനോ തന്നെ വ്യക്തമാക്കിയപ്പോഴാണ് ഈ ആകാശക്കൊള്ള.
ബിബിസിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ:
ബിബിസി വെരിഫൈയും (BBC Verify) ബിബിസി സ്പോര്‍ട്‌സും ചേര്‍ന്ന് ഫിഫയുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ജെറ്റിന്റെ യാത്രാവിവരങ്ങള്‍ ട്രാക്ക് ചെയ്തിരുന്നു. ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ ജൂണ്‍ 27 വരെയുള്ള കാലയളവില്‍ ഈ വിമാനം 27 തവണയാണ് സര്‍വീസ് നടത്തിയത്. ഓരോ തവണ വിമാനം ലാന്‍ഡ് ചെയ്ത നഗരങ്ങളിലും ഇന്‍ഫാന്റിനോ മത്സരങ്ങള്‍ കാണാനെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര: ജൂണ്‍ 13-ന് ഓസ്ട്രേലിയ-തുര്‍ക്കി മത്സരം കണ്ട ശേഷം വാന്‍കൂവറില്‍ നിന്ന് മിയാമിയിലേക്ക് നടത്തിയ 4,507 കിലോമീറ്റര്‍ യാത്രയായിരുന്നു അത്.
ഹ്രസ്വദൂര യാത്രകള്‍: ജൂണ്‍ 22-ന് ഫിലാഡല്‍ഫിയയില്‍ നിന്ന് ന്യൂജേഴ്സിയിലെ ടെറ്റര്‍ബോറോ എയര്‍പോര്‍ട്ടിലേക്ക് വെറും 148 കിലോമീറ്റര്‍ ദൂരവും ഇയാള്‍ ഈ ജെറ്റില്‍ സഞ്ചരിച്ചു. അടുത്ത ദിവസം രാവിലെ ഫോക്‌സ് ന്യൂസ് സ്റ്റുഡിയോയിലെ അഭിമുഖത്തില്‍ പങ്കെടുക്കാനായിരുന്നു ഈ ആകാശയാത്ര.
ഒറ്റദിവസത്തെ വലിയ യാത്ര: ജൂണ്‍ 15-ന് മിയാമിയില്‍ നിന്ന് സിയാറ്റിലിലേക്ക് (4,000 കിലോമീറ്റര്‍) ഈജിപ്ത്-ബെല്‍ജിയം മത്സരം കാണാന്‍ പറന്നു. അവിടെനിന്ന് അന്നുതന്നെ 1,545 കിലോമീറ്റര്‍ അകലെയുള്ള ലോസ് ആഞ്ചലസിലേക്ക് ഇറാന്‍-ന്യൂസിലന്‍ഡ് മത്സരം കാണാനും ഫിഫ പ്രസിഡന്റ് എത്തി. ചില ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം കാണാന്‍ മൂന്ന് വിമാന സര്‍വീസുകള്‍ വരെ നടത്തിയിട്ടുണ്ട്.
ആകെ 66 മണിക്കൂറിലധികമാണ് ഈ വിമാനം ആകാശത്ത് ചിലവഴിച്ചത്. ഗള്‍ഫ് സ്ട്രീം G650ER (Gulfstream G650ER) എന്ന ആഡംബര സ്വകാര്യ ജെറ്റാണ് ഇന്‍ഫാന്റിനോ ഇതിനായി ഉപയോഗിക്കുന്നത്.
ഭീമമായ കാര്‍ബണ്‍ മലിനീകരണം; 78 പേരുടെ വാര്‍ഷിക മലിനീകരണത്തിന് തുല്യം!
യാത്രാമാര്‍ഗ്ഗങ്ങളില്‍ പരിസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കുന്നത് സ്വകാര്യ ജെറ്റുകളാണ്. ഇന്‍ഫാന്റിനോ ഉപയോഗിച്ച വിമാനം ഒരു മണിക്കൂറില്‍ ഏകദേശം 1,817 ലിറ്റര്‍ ഇന്ധനമാണ് കത്തിക്കുന്നത്. ബിബിസിയുടെ കണക്കുകൂട്ടല്‍ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്‍ഫാന്റിനോയുടെ ആകാശയാത്രകള്‍ മാത്രം അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടത് 516 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് (CO2e) തുല്യമായ മാരക വാതകങ്ങളാണ്.
യൂറോപ്യന്‍ യൂണിയന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഒരു ശരാശരി മനുഷ്യന്‍ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ അളവ് 6.56 ടണ്‍ മാത്രമാണ്. അതായത്, ഇന്‍ഫാന്റിനോ വെറും രണ്ടാഴ്ച കൊണ്ട് ഉണ്ടാക്കിയ കാര്‍ബണ്‍ മലിനീകരണം 78 മനുഷ്യര്‍ ഒരു വര്‍ഷം മുഴുവന്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണ്! സാധാരണ വിമാനങ്ങളേക്കാള്‍ 5 മുതല്‍ 14 ഇരട്ടി വരെയും, ട്രെയിനുകളേക്കാള്‍ 50 ഇരട്ടിയും മലിനീകരണമുണ്ടാക്കുന്നവയാണ് ഇത്തരം പ്രൈവറ്റ് ജെറ്റുകള്‍.
ഫിഫയുടെ വിശദീകരണം
വിഷയത്തില്‍ ബിബിസി ഫിഫയോട് ഔദ്യോഗിക വിശദീകരണം തേടിയെങ്കിലും പല ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കിയില്ല. എന്നാല്‍, ‘ഫിഫ പ്രസിഡന്റും ഉദ്യോഗസ്ഥരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പതിവായി യാത്ര ചെയ്യാറുണ്ടെന്നും, സാഹചര്യങ്ങള്‍ക്കനുസരിച്ച് വാണിജ്യ വിമാനങ്ങളോ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങളോ ആണ് ഉപയോഗിക്കാറുള്ളത്’ എന്നും ഫിഫ പ്രതിനിധി അറിയിച്ചു.
കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പ് പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ (മലിനീകരണമില്ലാത്തത്) ആയിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് കള്ളമാണെന്ന് സ്വിസ് റെഗുലേറ്ററി അതോറിറ്റി പിന്നീട് കണ്ടെത്തിയിരുന്നു. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനമായി കുറയ്ക്കുമെന്നാണ് ഫിഫയുടെ ഇപ്പോഴത്തെ വാഗ്ദാനം. എന്നാല്‍ ആതിഥേയ നഗരങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരമുള്ള വടക്കേ അമേരിക്കന്‍ ലോകകപ്പില്‍ ഫിഫ തലവന്‍ തന്നെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആകാശത്ത് പറന്നുനടക്കുന്നത് കടുത്ത പരിസ്ഥിതി വിരുദ്ധതയാണെന്ന് ശാസ്ത്രജ്ഞരും കായിക ലോകവും കുറ്റപ്പെടുത്തുന്നു.
World Cup 2026: How Fifa president Gianni Infantino is jetting around




