അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക്. (India-Pakistan conflict: Crucial press conference at 10 am ) അതിര്‍ത്തിയിലെ സാഹചര്യവും തുടര്‍നീക്കങ്ങളും വിശദീകരിക്കും. രാവിലെ 5.45ന് നിശ്ചയിച്ചിരുന്ന അസാധാരണ വാര്‍ത്താസമ്മേളനം പിന്നീട് മാറ്റുകയായിരുന്നു.
|
അതേസമയം, അര്‍ധരാത്രിയിലും പാകിസ്താന്‍ അക്രമം തുടര്‍ന്നു. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി.
പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകള്‍ എത്തിയതായി റിപോര്‍ട്ടുണ്ട്. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ശ്രീനഗറില്‍ മൂന്നാം തവണയും സ്ഫോടനങ്ങളുണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.നൂര്‍ഖാന്‍, റാഫിഖി , മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിന് പിന്നാലെ പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുന്യാനുല്‍ മര്‍സൂസ്’ എന്നാണ് പാകിസ്താന്‍ പേരിട്ടിരിക്കുന്നത്. ഖുര്‍ആന്‍ വാചകത്തില്‍ നിന്നെടുത്ത ഈ അറബി പദത്തിന് ശക്തമായ കോട്ട എന്നാണര്‍ത്ഥം.





