തിരുവനന്തപുരം: ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിനെ, ഒരാഴ്ചയ്ക്കുശേഷം ഇന്ത്യന്‍ യുവനിര ഞായറാഴ്ച കാര്യവട്ടത്ത് നേരിടും. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് കാര്യവട്ടത്ത് ട്വന്റി20 മത്സരം. 39 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയയും ഇന്ത്യയും തിരുവനന്തപുരത്ത് അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.
|
ശനിയാഴ്ച ഇരുടീമുകളും കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി. രാവിലെ എത്തിയ ഓസ്ട്രേലിയന്‍ ടീം ഗ്രൗണ്ടിലും നെറ്റ്സിലും പരിശീലനം നടത്തി. വൈകീട്ട് ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. മൈതാനത്തില്‍ ഫുട്ബോള്‍ കളിച്ച താരങ്ങള്‍, പിന്നീട് ബൗളിങ് പരിശീലനവും നടത്തി. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഞായറാഴ്ചത്തേത്. ആദ്യ മത്സരത്തില്‍ വിജയംനേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഞായറാഴ്ച കാര്യവട്ടത്തിറങ്ങുന്നത്.
ശനിയാഴ്ച തിരുവനന്തപുരത്ത് മഴ പെയ്തിരുന്നു. കനത്ത മഴ പെയ്താല്‍പ്പോലും പെട്ടെന്നുതന്നെ മത്സരത്തിന് തയ്യാറാക്കാവുന്ന മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.
റണ്ണൊഴുകുന്ന മാണ്ഡ്യ പിച്ചിലാണ് മത്സരം നടക്കുക. ചെറിയ മഴയോ മഞ്ഞ് വീഴ്ചയുണ്ടായാലും ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാകും. ടിക്കറ്റ് വില്‍പ്പനയില്‍ ക്രിക്കറ്റ് പ്രേമികളില്‍നിന്ന് ആവേശകരമായ പ്രതികരണം ലഭിച്ചിട്ടില്ല. എണ്ണായിരത്തോളം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകീട്ടുവരെ വിറ്റുപോയത്. ഇത്തവണ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുണ്ട്. മത്സരം തുടങ്ങുന്നതുവരെ പേ.ടി.എം. ഇന്‍സൈഡര്‍ വഴിയും പേ.ടി.എം. വഴിയും ടിക്കറ്റുകള്‍ വാങ്ങാം. ആകെ 36000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.
ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ഓസ്ട്രേലിയന്‍ ടീം താജ് വിവാന്തയിലുമാണ് താമസം. ഇന്ത്യന്‍ ടീം ശനിയാഴ്ച ഉച്ചയ്ക്ക് പരിശീലനത്തിനു മാത്രമാണ് പുറത്തുപോയത്.
ഏകദിനത്തില്‍ റെക്കോഡ് വിജയം നേടിയ ഗ്രീന്‍ഫീല്‍ഡ്, ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ റെക്കോഡ് സ്ഥാപിച്ചത്. ഗ്രീന്‍ഫീല്‍ഡില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ വിജയിച്ചു. 2019-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ട്വന്റി 20 മത്സരത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
2017-ല്‍ ഇവിടത്തെ ആദ്യ ട്വന്റി20 മത്സരത്തില്‍ ആറ് റണ്‍സിന് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി. 2018-ല്‍ ഏകദിനത്തില്‍ വിന്‍ഡീസിനെ ഒന്‍പത് വിക്കറ്റിന് ഇന്ത്യ തകര്‍ത്തു. 2019-ല്‍ ട്വന്റി20-യില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. 2022-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി20-യില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ട് മത്സരത്തിലൊഴികെ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.


