കോഴിക്കോട്: നാട്ടിന്‍പുറങ്ങളിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ പദ്ധതി കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചു. 2022-23 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. (Indian railway one station one product scheme)
|
1000 രൂപ നിക്ഷേപിച്ചാല്‍ 15 ദിവസത്തേക്ക് ഒരു താല്‍ക്കാലിക സ്റ്റാള്‍ അനുവദിക്കുകയാണ് ചെയ്യുക. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ക്ക് വരുമാനസാധ്യത കൂട്ടുകയാണ് ലക്ഷ്യം. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപപ്പെടുത്തിയ പദ്ധതിയാണിത്.
റെയില്‍വേ സ്റ്റേഷനില്‍ പ്രധാന ഭാഗത്തു തന്നെയാവും സ്റ്റാള്‍. പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ സ്റ്റാള്‍ അടുത്തയാള്‍ക്ക് കൈമാറണം. ഇത് റൊട്ടേറ്റ് ചെയ്ത് ഒരിക്കല്‍ അവസരം ലഭിച്ചയാള്‍ക്ക് വീണ്ടും ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അവസരമൊരുങ്ങും.

കേരളത്തില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതി ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കണം. ഒപ്പം നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ വിറ്റുകൊണ്ടിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സ്വഭാവമുള്ളവ ആയിരിക്കാനും പാടില്ല.
കരകൗശല വസ്തുക്കള്‍, നാടന്‍ ഭക്ഷണ വിഭവങ്ങള്‍, തേന്‍ മുതലായ കാട്ടുവിഭവങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങിയ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെല്ലാം ഈ സ്റ്റാളുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.
ഒരു പ്ലാറ്റ്‌ഫോമില്‍ ഇത്തരം രണ്ടില്‍ കൂടുതല്‍ സ്റ്റാളുകള്‍ പാടില്ലെന്നതാണ് നിബന്ധന. ഡവലപ്‌മെന്റ് കമ്മീഷണര്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ്, ഡവലപ്‌മെന്റ് കമ്മീഷണര്‍ ഹാന്‍ഡ്ലൂം തുടങ്ങിയ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ നല്‍കിയ ഐഡി കാര്‍ഡുകളുള്ളവര്‍ക്ക് ഈ മുന്‍ഗണനയ്ക്ക് അര്‍ഹതയുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോമില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





