21
Dec 2023
Sun
21 Dec 2023 Sun

പുതുവത്സര പ്രതീക്ഷയോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഖത്തറില്‍; പരുക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തി സഹല്‍, ഒപ്പം മലയാളിയായ രാഹുലും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: പുതുവത്സരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഇന്ത്യന്‍ ടീം ഖത്തറില്‍ വിമാനമിറങ്ങി. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ഇന്ത്യയാണ്. ഇന്നലെ രാത്രിയോടെ ദോഹിലിറങ്ങിയ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകരില്‍നിന്ന് ലഭിച്ചത്.

വന്‍കരയുടെ ഫുട്‌ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകര്‍ ആര്‍പ്പുവിളിച്ചു.

ടീം പുറപ്പെടുന്നതിന് അല്‍പം മുമ്പാണ് കോച്ച് ഇഗോര്‍ സ്റ്റിമാക് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. സഹലിനെ കൂടാതെ മലയാളി താരം രാഹുല്‍ കെപിയും സംഘത്തിലുണ്ട്. പരിക്കില്‍നിന്ന് മോചിതനായ സഹല്‍ തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്.

ജനുവരി 12നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. 13ന് ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ഉസ്ബക്കിസ്ഥാനുമായും 23ന് സിറിയയുമായും ഇന്ത്യ ഏറ്റുമുട്ടും. ഫെബ്രുവരി 10ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

ടീം:
ഗോള്‍ കീപ്പര്‍: അമരീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്.

പ്രതിരോധം: ആകാശ് മിശ്ര, ലാല്‍ചുങ്‌നുന്‍ഗ, മെഹ്താബ് സിങ്, നിഖില്‍ പുജാരി, പ്രീതം കോട്ടാല്‍, രാഹുല്‍ ഭെക്കെ, സന്ദേശ് ജിംഗാന്‍, സുഭാഷിഷ് ബോസ്.

മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ദീപക് ടാംഗ്രി, അപുയ, ലിസ്റ്റണ്‍ കൊളാസോ, നവോറം മഹേഷ് സിങ്, സഹല്‍ അബ്ദുസമദ്, സുരേഷ് സിങ്, ഉദാന്ത സിങ്.

ഫോര്‍വേഡ്: ഇഷാന്‍ പണ്ഡിത, ലാലിയന്‍സുവാല ചാങ്‌തേ, മന്‍വീര്‍ സിങ്, കെ.പി. രാഹുല്‍, സുനില്‍ ഛേത്രി, വിക്രം സിങ്.