01
Jun 2023
Fri
01 Jun 2023 Fri

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്സോ കേസ് പരാതിയിലെ ആരോപണങ്ങളെ ശരിവെച്ച് അന്താരാഷ്ട്ര റഫറി രംഗത്ത്. പ്രായപൂർത്തിയാവാത്ത താരത്തോട് ബ്രിജ് ഭൂഷൺ മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബിർ സിങ് ആണ് വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്‌സോ കേസിലെ പരാതിക്കാരിയുടെ പിതാവ് മൊഴിമാറ്റുകയും ബ്രിജ് ഭൂഷണ് അനുകൂലമായി പറയുകയും ചെയ്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര റഫറിയുടെ ഇടപെടൽ. കേസിൽ ജൂൺ 15ന് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പരാതി വ്യാജമാണെന്ന പ്രായപൂർത്തിയെത്താത്ത പരാതിക്കാരിയുടെ പിതാവിന്റെ പ്രസ്താവന. കേസിലെ 125 സാക്ഷികളിൽ ഒരാളാണ് ജഗ്ബിർ സിങ്.

വനിതാ താരത്തിനെതിരെ ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമം നടത്തുന്നതിന് ഏതാനും അടി അകലെ താൻ നിൽപ്പുണ്ടായിരുന്നുവെന്നും താരം അസ്വസ്ഥയായിരുന്നുവെന്നുമാണ് ജഗ്ബീർ സിങ് വെളിപ്പെടുത്തിയത്. പൊലീസ് ചോദിച്ചപ്പോൾ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ഇന്ത്യൻ എക്‌സ്പ്രസിനോടു പ്രതികരിച്ചു.

മുതിർന്ന ആറു വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ പരാതി നൽകിയതെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഇതിൽ ഒരാളുടെ പരാതിയെക്കുറിച്ച് എഫ്‌ഐആറിൽ പറയുന്നത് ഇങ്ങനെ: ”കഴിഞ്ഞ വർഷം മാർച്ചിൽ ഏഷ്യൻ ചാംപ്യൻഷിപ്പിനുവേണ്ടിയുള്ള ട്രയൽസ് അവസാനിക്കുന്ന ദിവസം ലക്‌നൗവിലെ ക്യാംപിൽവച്ച് ടീം അംഗങ്ങൾ ഫോട്ടോയ്ക്കായി പോസ് ചെയ്തു. അപ്പോൾ ബ്രിജ്ഭൂഷൺ താരത്തിന്റെ പിൻവശത്ത് കൈ വച്ചു. പിന്നാലെ അവിടെനിന്നു മാറാനാണ് താരം ശ്രമിച്ചത്.” ഈ സംഭവം നേരിട്ടു കണ്ടുവെന്നാണ് ജഗ്ബിർ സിങ് സ്ഥിരീകരിച്ചത്. ഈ ഫോട്ടോ കാണിച്ചാണ് ഡൽഹി പൊലീസ് വിവരങ്ങൾ തേടിയതെന്നും അതിനു മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുൾപ്പെടെ മൂന്നു വനിതാ താരങ്ങളുടെ പരാതിയും ജഗ്ബിർ സ്ഥിരീകരിച്ചു. ”ബ്രിജ്ഭൂഷൺ അവരുടെ അടുത്തു നിൽക്കുന്നതുകണ്ടു. പെട്ടെന്ന് അവർ അയാളെ തള്ളിമാറ്റി മാറിനിന്നു. ബ്രിജ്ഭൂഷണിന്റെ തൊട്ടടുത്തായിരുന്നു അവർ ആദ്യം നിന്നത്. പിന്നീട് മുന്നോട്ടു കയറി നിന്നു. വനിതാ താരത്തിന്റെ ശരീരഭാഷയിൽനിന്നുതന്നെ അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് നടന്നുവെന്നു വ്യക്തമായിരുന്നു. ബ്രിജ്ഭുഷൺ എന്താണ് ചെയ്തതെന്നു കണ്ടില്ല. എന്നാൽ താരങ്ങളോട് ഇവിടെ വാ, ഇവിടെ നിൽക്ക് എന്നൊക്കെ ശരീരത്തിൽ സ്പർശിച്ച് വിളിക്കുന്നത് കാണാറുണ്ട്. താരത്തിന്റെ പരാതിയിൽ പറയുന്നതു വച്ചുനോക്കുമ്പോൾ ഫോട്ടോ എടുക്കുന്ന സമയം അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്” ജഗ്ബിർ പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകൾ ബ്രിജ് ഭൂഷണ് കനത്ത തിരിച്ചടിയാണ്.

International referee speaks: ‘I saw Brij Bhushan standing next to her, she freed herself… something wrong happened to her’