01
Sep 2023
Fri
01 Sep 2023 Fri

ബംഗളൂരു: വിദ്വേഷ പ്രസ്താവനയുടെ പേരില്‍ ‘ആജ് തക്’ അവതാരകന്‍ സുധീര്‍ ചൗധരിക്കെതിരായി അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കര്‍ണാടക ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയുടെ കോടതിയുടെ നടപടി. കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീറും ആജ് തകും നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടക ന്യൂനപക്ഷ കോര്‍പറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആജ് തകിനും സുധീറിനുമെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505, 153 എ വകുപ്പുകളാണ് ചുമത്തിയത്. വ്യാജ വാര്‍ത്ത ഇതുവരെയും ചാനല്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഇന്ന് ഹരജി പരിഗണിക്കവെ സര്‍ക്കാരിനു വേണ്ടി ഹാജരായ എ.ജി കെ. ശശി കിരണ്‍ ഷെട്ടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയത്.

ചാനലില്‍ കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയില്‍ സെപ്റ്റംബര്‍ 13നാണ് പൊലീസ് കേസെടുത്തത്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി പ്രത്യേക വാഹന സബ്‌സിഡി നല്‍കുന്നുവെന്നായിരുന്നു പ്രചാരണം. കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ പദ്ധതി ഹിന്ദുക്കള്‍ക്കെതിരായ വിവേചനമാണെന്നും സുധീര്‍ ചൗധരി ചാനലിലെ ഒരു പരിപാടിയില്‍ വാദിച്ചിരുന്നു.

”അതീവ ദരിദ്രനും ഹിന്ദുവും ആണെങ്കില്‍ കൈയില്‍ പണമില്ലെങ്കിലും വാഹനം വാങ്ങാന്‍ സബ്‌സിഡി ലഭിക്കില്ല. എന്നാല്‍, മുസ്‌ലിം, സിഖ്, ബുദ്ധ വിഭാഗത്തിലാണെങ്കില്‍ സബ്‌സിഡി ലഭിക്കും”ഇങ്ങനെയായിരുന്നു സുധീര്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍, എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും ഇതേ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ വിശദീകരിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും തുടരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു.