21
May 2026
Thu
21 May 2026 Thu
navakerala sadass

പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് തുടക്കമിട്ടപ്പോള്‍ തന്നെ കേസ് പൊളിക്കാന്‍ പ്രതികള്‍ ശ്രമം തുടങ്ങിയതായി സൂചന. പ്രധാന സാക്ഷിയും ജയ്ഹിന്ദ് ടിവി ആലപ്പുഴ ക്യാമറാമാനുമായ ജോജിക്ക് നേരെ വധഭീഷണി ഉയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവകേരള സദസ്സിനിടെ എ.ഡി. തോമസിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിരവധി ഭീഷണികളെത്തിയത്. എ.പി. ഷൗക്കത്തലി ഐപിഎസിന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അത്യപൂര്‍വ്വ അന്വേഷണ സഖ്യം ഏതറ്റംവരെയും പോകുമെന്ന് പ്രതികള്‍ക്ക് വളരെ വ്യക്തമാണ്.

കേസില്‍ ഏറ്റവും നിര്‍ണായകമായ ശാസ്ത്രീയ തെളിവുകള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രധാന സാക്ഷിയും ജയ്ഹിന്ദ് ടിവി ആലപ്പുഴ ക്യാമറാമാനുമായ ജോജിക്ക് നേരെയാണ് ഇപ്പോള്‍ ഗുണ്ടാ ശൈലിയിലുള്ള വധഭീഷണികള്‍ ഉയരുന്നത്. സാക്ഷി പറയരുതെന്നും കേസില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് സൗമ്യമായ ഭാഷയില്‍ ഒളിപ്പിച്ചുവെച്ച ഭയപ്പെടുത്തലുകളാണ് ഫോണ്‍ കോളുകളിലൂടെ ജോജിക്ക് നേരെ വരുന്നത്. പരിചയക്കാരായ ചില പൊലീസുകാര്‍ തന്നെ ഉപദേശ രൂപത്തിലാണ് ഈ ഭീഷണി മുന്നോട്ട് വെച്ചിരിക്കുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ALSO READ: സ്ത്രീയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പുരുഷന്മാരില്‍ നിന്ന് പണം തട്ടിയ കെഎസ് യു മുന്‍ നേതാവ് അറസ്റ്റില്‍

‘നിങ്ങള്‍ മാറിയാല്‍ ഈ കേസ് തന്നെ ഇല്ലാതാകും, നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലേ, ഇനി പുറത്തിറങ്ങി നടക്കേണ്ടതല്ലേ, ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും’ എന്നിങ്ങനെ സ്നേഹം പുരട്ടിയ ഭാഷയിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്. ‘പാണ്ടി വണ്ടികളെല്ലാം വരും, നിങ്ങള്‍ റോഡിലൂടെ ഒറ്റയ്ക്കല്ലേ പോകുന്നത്’ എന്ന രീതിയില്‍ ലോറി കയറ്റി കൊല്ലുമെന്ന പരോക്ഷമായ വധഭീഷണി വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ അതിക്രമം കാണിക്കുന്ന ദൃശ്യങ്ങള്‍ തന്റെ ക്യാമറയില്‍ ആദ്യമായി പകര്‍ത്തി പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത് ദീര്‍ഘകാലമായി ജയ്ഹിന്ദില്‍ ജോലി ചെയ്യുന്ന, ഡല്‍ഹിയിലടക്കം പ്രവൃത്തിപരിചയമുള്ള സീനിയര്‍ ക്യാമറാമാന്‍ ജോജിയാണ്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവം നിയമസഭയില്‍ വരെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയത്.

ഭീഷണി കടുത്തതോടെ ജോജി ഈ വിവരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയും ജില്ലാ പൊലീസ് സൂപ്രണ്ടിന് (എസ്പി) ഔദ്യോഗികമായി പരാതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മറ്റ് നിര്‍ണായക രേഖകളും ഇതിനോടകം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളതാണ്.

പുതിയ അന്വേഷണ സംഘം കൃത്യമായി മുന്നോട്ട് പോകുകയും കുറ്റവാളികളായ ഉന്നതര്‍ അഴിക്കുള്ളിലാകുകയും ചെയ്യുമെന്ന് ഉറപ്പായതോടെയാണ് സാക്ഷികളെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍, കൊടി സുനിയെയും ദിലീപിനെയും പോലുള്ള വമ്പന്മാരെ നിയമത്തിന് മുന്നില്‍ വിറപ്പിച്ച ഷൗക്കത്തലിക്കും ബൈജു പൗലോസിനും മുന്നിലേക്കാണ് ഈ ഭീഷണി നാടകങ്ങള്‍ വന്നെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസുകാരെയും തണല്‍ ഒരുക്കുന്ന ഉന്നതരെയും കണ്ടെത്തുക എന്ന അധിക ചുമതല കൂടി ഇനി പുതിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഏറ്റെടുക്കേണ്ടി വരും. ചുരുക്കത്തില്‍, പ്രതികളെ പൂട്ടാന്‍ ഇറങ്ങിയ പോലീസ് പുലികള്‍ക്ക് ഇനി പണി ഇരട്ടിക്കുമെന്നുറപ്പാണ്.