12
Feb 2024
Wed
12 Feb 2024 Wed
ishan kishan and shreyas iyer dropped from bcci annual contract

വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് ശ്രേയസ് അയ്യറെയും ഇഷാന്‍ കിഷനെയും ബിസിസിഐ ഒഴിവാക്കി. 2023-24 സീസണിലെ(2023 ഒക്ടോബര്‍ 1 മുതല്‍ 2024 സെപ്തംബര്‍ 30)വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് ശ്രേയസ് അയ്യറെയും ഇഷാന്‍ കിഷനെയും ഒഴിവാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിക്കുകയായിരുന്നു.(ishan kishan and shreyas iyer dropped from bcci annual contract)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇഷാന്‍ കിഷാന്‍ ഇടവേളയെടുത്തിരുന്നു. ഇതിനു ശേഷം അഫ്ഗാനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാന്‍ കിഷാനെ ടീമിലെടുക്കുകയുണ്ടായില്ല. ഫോം വീണ്ടെടുത്താലേ ദേശീയ ടീമിലിടം കിട്ടുവെന്നും മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന ടീമായ ജാര്‍ഖണ്ഡിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കാനും ഇഷാന്‍ തയ്യാറായില്ല.

മുംബൈക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ശ്രേയസ് അയ്യറും തയ്യാറായില്ല. പുറംവേദനയാണ് ഇതിനു ശ്രേയസ് അയ്യര്‍ കാരണം പറഞ്ഞത്. ഇതോടെ ഇരുവരെയും ബിസിസിഐയുടെ കരാറില്‍ നിന്ന് നീക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണ് ഇന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവന.
രോഹിത് ശര്‍മ, വിരാട് കോഹ് ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ബിസിസിഐയുടെ കരാറില്‍ എപ്ലസ് കാറ്റഗറിയില്‍ ഇടംപിടിച്ചപ്പോള്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ് മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എ കാറ്റഗറിയിലും ഉള്‍പ്പെട്ടു. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ബി പട്ടികയിലുണ്ട്. റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, പ്രസീദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പട്ടീദാര്‍, അര്‍ഷ് ദീപ് സിങ്, ശാര്‍ദുല്‍ താക്കൂര്‍, ശിവം ദുബേ, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങി 15 താരങ്ങളാണ് ഗ്രേഡ് സിയിലുള്ളത്.

കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ അല്ലെങ്കില്‍ 8 ഏകദിനങ്ങളോ അല്ലെങ്കില്‍ 10 ടി ട്വന്റികളോ കളിച്ച താരങ്ങള്‍ സ്വാഭാവികമായി ബിസിസിഐയുടെ ഗ്രേഡ് സി കാറ്റഗറിയില്‍ ഇടംപിടിക്കും. പുതുമുഖ താരങ്ങളായ ധ്രുവ് ജുരല്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ രണ്ട് ടെസ്റ്റുകളില്‍ കളിച്ചുകഴിഞ്ഞതിനാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റായ ധര്‍മശാല ടെസ്റ്റില്‍ ഇടംപിടിച്ചാല്‍ ഇരുവരും സി ഗ്രേഡ് പട്ടികയില്‍ ഉള്‍പ്പെടും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക