ഗാസയില്‍ 190 പേര്‍ കൂടി കൊല്ലപ്പെട്ടു, മരണം 25,295 ആയി; ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും ബ്രിട്ടണും
|
ഗാസ: ഫലസ്തീനില്‍ 109 മത്തെ ദിവസവും ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഗാസയിലെ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ച് അതിരൂക്ഷമായ ആക്രമണമാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്. അല്‍ നസ്സര്‍ അടക്കമുള്ള ആശുപത്രികള്‍ തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ആക്രമണം. 24 മണിക്കൂറിനിടെ 190 പേര്‍ കൂടി കൊല്ലപ്പെടുകയും 340 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25,295 ആയി. പരിക്കേറ്റവര്‍ 63,000 കവിഞ്ഞു.
ഖാന്‍ യൂനിസിലെ യുദ്ധം ദിവസങ്ങള്‍ നീളുമെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതുവരെ തങ്ങളുടെ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ഹമാസിന്റെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സേന വ്യക്തമാക്കി.
അതേസമയം, ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കന്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. ആക്രമണം സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. എട്ടോളം ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. ആസ്‌ട്രേലിയ, കാനഡ, ബഹറൈന്‍, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ആക്രമണം. 10 ദിവസങ്ങള്‍ക്ക് മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളില്‍ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്കന്‍ സേനയുടെ ചരക്കുകപ്പല്‍ ആക്രമിച്ചതായി ഹൂത്തികള്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഏഡന്‍ കടലിടുക്കില്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി.


