|
അബുദാബി: ഇസ്രായേല്‍ താരത്തിന് കൈ കൊടുത്തതിനെത്തുടര്‍ന്ന് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന് ആജീവനാന്ത വിലക്ക്. വെയ്റ്റ് ലിഫ്റ്റിങ് താരമായ മൊസ്തഫ രാജായിയ്ക്കാണ് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. 36 കാരനായ മൊസ്തഫ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ഇസ്രായേല്‍ താരമായ മാക്സിം സ്വിര്‍സ്‌കിയ്ക്ക് ഹസ്തദാനം നല്‍കിയിരുന്നു. ഇതാണ് വിലക്കിന് കാരണമായത്. സി.എന്‍.എന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
പോളണ്ടില്‍വെച്ചുനടന്ന വേള്‍ഡ് മാസ്റ്റര്‍ വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിനിടെയാണ് സംഭവമരങ്ങേറിയത്. മത്സരത്തില്‍ മൊസ്തഫ വെള്ളി മെഡല്‍ നേടിയിരുന്നു. ഇസ്രായേല്‍ താരത്തിന് മൊസ്തഫ കൈ കൊടുക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് താരത്തിനെതിരേ കടുത്ത നടപടിയുമായി ഫെഡറേഷന്‍ രംഗത്തെത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മാപ്പ് നല്‍കാനാവാത്ത തെറ്റാണ് മൊസ്തഫയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. 2019-ല്‍ ഇസ്രായേലിനെതിരേ മത്സരിക്കാനാവില്ല എന്ന കാരണം നിരത്തി ഇറാന്‍ ജൂഡോ ടീം ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറിയിരുന്നു. പിന്നാലെ 2021-ല്‍ ഇറാന്‍ ജൂഡോ ടീമിന് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇറാന്‍ വീണ്ടും വിവാദത്തിലകപ്പെട്ടത്.


