15
Sep 2023
Fri
15 Sep 2023 Fri

ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ​ഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സെക്യുലർ (ജെഡിഎസ്) എൻഡിഎയിൽ ചേർന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും യോഗത്തിൽ പങ്കെടുത്തു. ഇരു പാർട്ടി നേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് ജെഡിഎസിന്റെ എൻഡിഎ പ്രവേശന വിവരം ജെ പി നഡ്ഡയാണ് ട്വീറ്റിലൂടെ അറിയിച്ചത്. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ കണ്ടെന്നും അവർ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും നഡ്ഡ ട്വീറ്റിൽ പറയുന്നു.

നേരത്തെ, പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗം കൂടിയായ മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎ ജെഡിഎസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി കൈകോർത്ത് അധികാരത്തിലെത്തിയ ജെഡിഎസ് പിന്നീട് ഭരണം നഷ്ടമായതോടെ ബന്ധം വിടുകയായിരുന്നു.

തുടർന്ന് ഈ വർഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത്. ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാര്‍ട്ടികളും സഖ്യമായി മത്സരിക്കും. കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.

അതേസമയം, എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളി. എന്‍ഡിഎയ്‌ക്കൊപ്പം കേരള ഘടകം പോകില്ല. അടുത്ത മാസം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമെടുക്കുമെന്നും കേരള ഘടകം നേതാവ് മാത്യു ടി.തോമസ് അറിയിച്ചു. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് കേരളത്തിലെ ജെഡിഎസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക