30
Jun 2024
Thu
30 Jun 2024 Thu
Nitish Kumar Narendra Modi

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ഘടക കക്ഷികള്‍. സൈന്യത്തില്‍ നടപ്പാക്കിയ അഗ്‌നിവീര്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു. ബിഹാറില്‍ യുവാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയ പദ്ധതിയാണ് അഗ്നിവീര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് വര്‍ഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അഗ്‌നിവീര്‍ പദ്ധതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് തുടങ്ങിയവക്ക് പിന്തുണ ജെഡിയു അറിയിച്ചതായും വിവരമുണ്ട്.

എന്‍.ഡി.എയുടെ യോഗം ചേരുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനാണ് ജെ.ഡി.യു നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ജെ.ഡി.യു നേതാക്കാള്‍ നിതീഷ് കുമാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. റെയില്‍വേയടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ജെ.ഡി.യു ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പൊതു മിനിമം പരിപാടി വേണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, റെയില്‍വേ ഉള്‍പ്പെടെയുള്ള 5 സുപ്രധാന വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നാണ് ബിജെപി തീരുമാനം.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയും ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തിന്റെ പുറമേ ഗതാഗത വകുപ്പ്, ഗ്രാമീണ വികസനം, ആരോഗ്യം, കൃഷി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ടിഡിപി നോട്ടമിട്ടിരിക്കുന്നത്. ചന്ദ്രബാബു നായിഡുവും ടി.ഡി.പി എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഘടക കക്ഷികളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. നേരത്തേ ശനിയാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്.

അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്
മന്ത്രിസ്ഥാനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ ബി.ജെ.പി യോഗം ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി സംഘടന തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. മന്ത്രിസഭയിലേക്ക് ഇല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ മടങ്ങി എത്തുമെന്നാണ് സൂചന. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നിര്‍മ്മല സീതാരാമന്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.

ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക് രാജ്‌നാഥ് സിംഗിന്റെ പേരാണുള്ളത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ സംഘടനാ തലത്തിലും പുനഃസംഘടന ഉണ്ടായേക്കും.