03
Sep 2023
Sat
03 Sep 2023 Sat

തനിക്കെതിരായ സൗദി വനിതയുടെ പീഡന പരാതി ഹണി ട്രാപ്പാണെന്ന് സംശയിക്കുന്നതായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍. പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മല്ലു ട്രാവലര്‍ എന്ന ഷാകിര്‍ സുബാന്റെ വിശദീകരണം. പരാതിക്കാരിയും ലിവിങ് ടുഗദര്‍ പങ്കാളിയായ മലയാളി യുവാവും ഒരുമിച്ചാണ് കൊച്ചിയില്‍ താന്‍ താമസിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞദിവസം വന്നതെന്നും വരവിനു പിന്നില്‍ യുവതിക്ക് ജോലി വേണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നുവെന്നും ഷാകിര്‍ സുബാന്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടുലക്ഷം രൂപയുമായാണ് താന്‍ കേരളത്തില്‍ വന്നതെന്നും പണമെല്ലാം തീര്‍ന്നുവെന്നും പറഞ്ഞ സൗദി വനിത പങ്കാളിയായ യുവാവ് ജോലിക്കു പോവുന്നില്ലെന്നും തനിക്കവനെ മടുത്തുവെന്നുമാണ് യുവതി പറഞ്ഞതെന്ന് മല്ലു ട്രാവലര്‍ പറയുന്നു. ഇതേ കാര്യം തന്നെയാണ് ഇവരുടെ പങ്കാളിയും പറഞ്ഞത്. സൗദി യുവതിക്കൊപ്പം കഴിയാനാവില്ലെന്നു പറഞ്ഞ പങ്കാളിയോട് നിന്നെ വിശ്വസിച്ചുവന്ന കുട്ടിയെ നീയല്ലേ നോക്കേണ്ടത് എന്നു ചോദിച്ചപ്പോള്‍ എനിക്കു മതിയായി യൂറോപ്പില്‍ എനിക്കൊരു ഗേള്‍ ഫ്രണ്ട് ഉണ്ട്. ഞാന്‍ അവളുടെ കൂടെ യൂറോപ്പില്‍ പോവുമെന്നായിരുന്നു മറുപടി.

തുടര്‍ന്ന് തന്നോട് പെഴ്‌സനലായി സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതോടെ യുവാവ് മുറിക്കു പുറത്തിറങ്ങി നിന്നു. തന്റെ കാലിന് ചികില്‍സ നടക്കുന്നുണ്ടെന്നും 19ന് പരിശോധന കഴിയുന്നതോടെ സൗദിയിലേക്ക് മടങ്ങിപ്പോവുമെന്നും പറഞ്ഞ യുവതി സൗദിയിലോ ബഹ്‌റയ്‌നിലോ മറ്റോ തനിക്കൊരു ജോലി തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതോടെ താന്‍ സുഹൃത്തിനെ വീഡിയോ കോളില്‍ വിളിച്ച് യുവതിയെ പരിചയപ്പെടുത്തുകയും എന്തെങ്കിലും ജോലി തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി സുഹൃത്തിന് യുവതിയുടെ സി.വി അയച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെയും യുവതിയെയും ഒരുമിച്ചിരുത്തി നിങ്ങള്‍ക്ക് ഒന്നിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പിരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തെങ്കിലും വിഷമമുണ്ടോയെന്ന ചോദ്യത്തിന് യുവതി ഉണ്ടെന്ന് പറയുകയും ഇതോടെ യുവാവിനെയും സൗദി വനിതയെയും കൂട്ടി തന്റെ പോര്‍ഷേ കാറില്‍ നഗരത്തിലൂടെ കറങ്ങി ഹോട്ടലില്‍ തിരിച്ചെത്തുകയും ഇവരോട് യാത്ര പറഞ്ഞ് താന്‍ മുറിയിലേക്ക് പോയെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം താന്‍ ശേഖരിക്കുന്നുണ്ടെന്നും കാനഡയില്‍ നിന്ന് തിരികെ വന്നാലുടന്‍ ഇവ കോടതിയില്‍ അടക്കം നല്‍കുമെന്നും മല്ലു ട്രാവലര്‍ വ്യക്തമാക്കി. താന്‍ മോശമായി പെരുമാറിയിട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ അന്ന് തന്നെ പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്‌തേനെ. ദിവസങ്ങള്‍ക്കു ശേഷം തനിക്കെതിരേ ഇപ്പോള്‍ വ്യാജ പരാതി നല്‍കിയത് ഹണി ട്രാപ്പാണോയെന്ന സംശയം തനിക്കുണ്ട്. ഇത്തരമൊരു വ്യാജ പരാതി ഉയര്‍ന്നതോടെ താന്‍ വിഷാദരോഗാവസ്ഥയിലാണ് ഉള്ളതെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.

റീച്ചിനു വേണ്ടി യുവതി നടത്തുന്ന കോപ്രായമാണിതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് അവര്‍ ഇരുവരും ചിരിച്ചു സംസാരിക്കുന്നതെന്നും യഥാര്‍ഥ ജീവിതത്തില്‍ അവര്‍ ഇരുവരും ഫേക്ക് ആണെന്നും മല്ലു പറയുന്നു. സത്യാവസ്ഥ എന്താണെന്നറിഞ്ഞു മാത്രം തന്റെ ഹേറ്റേഴ്‌സ് പ്രതികരിക്കണമെന്നും തന്റെ ജീവിതം നശിപ്പിക്കാന്‍ മാത്രം താന്‍ നിങ്ങളോട് ഒന്നും ചെയ്തിട്ടില്ലെന്നും മല്ലു ട്രാവലര്‍ അഭ്യര്‍ഥിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക