30
May 2024
Fri
30 May 2024 Fri
bjp social media campaign

ബംഗളൂരു: മത വിദ്വേഷം ഇളക്കിവിടുന്ന രീതിയില്‍ വിഡിയോ പ്രചരിപ്പിച്ച കര്‍ണാടക ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അറസ്റ്റില്‍. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ പ്രശാന്ത് മകനൂരിനെ ബംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ബംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, പാര്‍ട്ടി സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ, ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എന്നിവരോട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. കെ.പി.സി.സി കര്‍ണാടക മീഡിയ വിഭാഗം ചെയര്‍മാന്‍ രമേശ് ബാബു നല്‍കിയ പരാതിയിലാണ് നടപടി.

പട്ടികജാതി-പട്ടികവര്‍ഗ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ആനിമേഷന്‍ വിഡിയോ എന്ന് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നു. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം വിഡിയോ നീക്കം ചെയ്യാന്‍ എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വിവിധ പൗരാവകാശ സംഘടന പ്രതിനിധികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട് പരാതി നല്‍കിയിരുന്നു.