ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് ഇത് തിരിച്ചടികളുടെ കാലം. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ആണ് ഏറ്റവുമൊടുവിൽ പാർട്ടിവിട്ടത്. ഷെട്ടാർ ഇന്ന് എം.എൽ.എ സ്ഥാനം രാജിവെയ്ക്കും. ഹുബ്ബള്ളി-ധർവാഡ് സീറ്റിൽ സ്ഥാനാർഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഈ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ജഗദീഷ് ഷെട്ടാറിൻറെ തീരുമാനം.
|
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇനി പ്രഖ്യാപിക്കാനുള്ളത് 12 സീറ്റുകളിലെ സ്ഥാനാർഥികളെയാണ്. രണ്ട് ഘട്ടമായാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.മറ്റുള്ളവർക്കായി വഴിമാറണമെന്ന് പാർട്ടി തന്നോട് ആവശ്യപ്പെടുകയും സ്ഥാനാർഥിയാക്കില്ലെന്ന് സൂചന നൽകുകയും ചെയ്തതിൽ അസ്വസ്ഥനാണെന്ന് ജഗദീഷ് ഷെട്ടാർ നേരത്തെ പ്രതികരിച്ചിരുന്നു. ഷെട്ടാർ ആറ് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിൻറെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാർഥി മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ജഗദീഷ് ഷെട്ടാർ ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ്. ബിജെപിക്ക് താൻ നൽകിയ സംഭാവനകളും നിയമസഭാ സ്പീക്കർ ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളും അനുസ്മരിച്ചാണ് ഷെട്ടാർ രാജി പ്രഖ്യാപനം നടത്തിയത്.
‘കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ അയോഗ്യത എന്താണ്? എൻറെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്?’- 2012ൽ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാർ ചോദിച്ചു.





