ബെംഗളൂരു: കർണാടകയില്‍ മുൻ ബിജെപി സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കാരങ്ങൾ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ദിവസമാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രിസഭ അനുമതി നൽകിയത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, വി ഡി സവർക്കർ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കാനും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്താനും തീരുമാനിച്ചു. മുൻ സർക്കാർ ഒഴിവാക്കിയ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെക്കുറിച്ചുള്ള കവിതയും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും. അഞ്ചംഗ കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്.
|
ഈ അധ്യയന വർഷം തന്നെ പരിഷ്കരിച്ച പാഠ്യപദ്ധതിയാകും സ്കൂളുകളിൽ പഠിപ്പിക്കുക. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുമാർ ബംഗാരപ്പ പറഞ്ഞു. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്. സാവിത്രി ഫൂലെയെക്കുറിച്ചുള്ള പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി സുലിബലെ എഴുതിയ ഭാഗവും ഒഴിവാക്കി. നെഹ്റു, അംബേദ്കർ തുടങ്ങിയവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാണ് മുൻ സർക്കാർ ഹെഡ്ഗേവാർ, സവർക്കർ തുടങ്ങിയവരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. അന്നത്തെ ബിജെപി സർക്കാരിന്റെ നടപടിയിൽ വ്യാപക വിമർശനമുയർന്നിരുന്നു.
കഴിഞ്ഞദിവസം നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. ലൗ ജിഹാദ് വിരുദ്ധ നിയമമായി കൊണ്ടുവന്നതാണിത്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സർക്കാരുകളുടെ മാതൃക പിന്തുടർന്നാണ് കർണാടകയിലും ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. 2022 സെപ്തംബർ 21നാണ് ബസവരാജ് ബൊമ്മൈ സർക്കാർ മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. അന്നുതന്നെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗം നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു.
നിർബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നായിരുന്നു ബിജെപി സർക്കാരിന്റെ വാദം. നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം. മതം മാറ്റിയെന്ന് രക്തബന്ധത്തിലുള്ള ആര് പരാതി നൽകിയാലും അത് പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും വിമർശനം ഉയർന്നിരുന്നു.





