29
Jun 2023
Sun
29 Jun 2023 Sun

ബംഗളൂരു: ബി.ജെ.പി ഭരണകാലത്ത് സാമൂദായിക സംഘർഷങ്ങളിൽ കൊല്ലപ്പെട്ട നാലുപേരുടെ കുടുംബത്തിന് സിദ്ധരാമയ്യ സർക്കാർ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട നാലു പേരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ജനുവരി 3ന് സൂറത്കല്ലിൽ വച്ച് കൊല്ലപ്പെട്ട ദീപക് റാവു, 2022 ജൂലൈ 19ന് സുള്ള്യ കലഞ്ചയിൽ കൊല്ലപ്പെട്ട മസൂദ്, 2022 ജൂലൈ 28ന് സൂറത്കലിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിൽ, 2022 ഡിസംബർ 24ന് കൊല്ലപ്പെട്ട അബ്ദുൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായം അനുവദിച്ചത്.

ബജ്‌റംഗ്ദൾ പ്രവർത്തകൻ ദീപക് റാവു, മുഹമ്മദ് ഫാസിൽ, മുഹമ്മദ് മസൂദ്, അബ്ദുൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്കാണ് സിദ്ധരാമയ്യ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന വർഗീയ സംഘർഷങ്ങളിലാണ് നാലു പേരും കൊല്ലപ്പെട്ടത്. നേരത്തെ ഇവരുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി സമീപിച്ചിരുന്നെങ്കിലും ബസവരാജ് ബൊമ്മെ സർക്കാർ നിഷേധിക്കുകയായിരുന്നു.

‘എല്ലാവർക്കും തുല്യത എന്ന തത്വവുമായി മുന്നോട്ടുനീങ്ങുന്ന സർക്കാരിന് വിവേചനമില്ല. ബിജെപി ഭരണകാലത്ത് വർഗീയ സംഘർഷത്തിന് ഇരയായ മസൂദ്, ഫാസിൽ, ജലീൽ, ദീപക് റാവു എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിൽ ഒരു കാരണവശാലും വർഗീയ സംഘർഷവും പ്രകോപനവും അനുവദിക്കില്ല’- കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബജ്റംഗ്ദൾ പ്രവർത്തകനായിരുന്ന ദീപക് റാവു കൊല്ലപ്പെട്ടതിന് ശേഷം കുടുംബത്തിന് ധനസഹായം നൽകാൻ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ല. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് മസൂദ്, മുഹമ്മദ് ഫസൽ, അബ്ദുൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്ക് ബി.ജെ.പി സർക്കാർ നഷ്ടപരിഹാരം നിഷേധിച്ചത്.
2022ൽ വിവിധ സംഘർഷങ്ങളെ തുടർന്ന് പ്രവീൺ നെട്ടാരും, ഹർഷ ജിംഗഡെ എന്നിവർ കൊല്ലപ്പെട്ട സംഭവങ്ങളിൽ ബി.ജെ.പി സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചിരുന്നെങ്കിലും ഈ സംഭവങ്ങൾ പിന്നാലെ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ കുടുംബത്തെ അവഗണച്ചത് വിവാദമായിരുന്നു.