28
May 2024
Fri
28 May 2024 Fri
HARYANA KARNI SENA LEADER

ന്യൂഡല്‍ഹി: സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭരണം തന്നെ പ്രതിസന്ധിയിലായ ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. പാര്‍ട്ടി വക്താവും കര്‍ണി സേനാ തലവനുമായ സുരജ് പാല്‍ അമു ബിജെപി അംഗത്വം രാജിവച്ചു. ക്ഷത്രിയ വിഭാഗത്തെ അപമാനിക്കുന്നവര്‍ക്ക് സ്ഥാനം നല്‍കുന്നതിനെ ചൊല്ലി കര്‍ണി സേനയക്ക് പാര്‍ട്ടിയോട് ശക്തമായ എതിര്‍പ്പുണ്ട്. ( karni-sena-president-suraj-pal-amu-resigns-from-bjp )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് മുഴുവന്‍ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്‌കോട് ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി പരുഷോത്തം രുപാലയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഷേധം.

ബ്രിട്ടീഷ് ഭരണത്തിന് മുന്നില്‍ കീഴൊതുങ്ങി നിന്ന് ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ വിദേശ ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിന് തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിച്ചുനല്‍കിയെന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ പേരിലാണ് വിവാദം. രുപാല പിന്നീട് പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കര്‍ണി സേന അതിനോട് ക്ഷമിച്ചിരുന്നില്ല.

2018 ലും സുരജ് പാല്‍ അമു പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നെങ്കിലും ഇത് പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. 1990-91 കാലത്ത് ബിജെപി യുവ മോര്‍ച്ചയുടെ സോഹ്ന ഡിവിഷണല്‍ പ്രസിഡന്റായിരുന്ന അമുവിന് പാര്‍ട്ടിയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 1993-96 കാലത്ത് ഇദ്ദേഹം ബിജെപി യുവ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2018 മുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന വക്താവാണ്.

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ദുഷ്യന്ത് ചൗട്ടാല
ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയാല്‍ അതിനെ പിന്തുണയ്ക്കുമെന്നു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരിനു പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി വ്യക്തമാക്കി.

90 അംഗ നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. ഇതില്‍ 40 പേരാണു ബിജെപി അംഗങ്ങള്‍. എച്ച്എല്‍പി അംഗത്തിന്റെയും സ്വതന്ത്ര അംഗമായ നയന്‍ പാല്‍ റാവത്തിന്റെയും പിന്തുണയും ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്റെ 30 അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്. സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.