ചെന്നൈ: കാര്‍ത്തി നായകനായി അഭിനയിക്കുന്ന സിനിമയുടെ ചീത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. (Karthi’s stuntman died after falling from a height while shooting a movie)
മിസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട്മാന്‍ ഏഴുമല അപകടത്തില്‍പ്പെട്ടത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയില്‍ സംഘട്ടന ചിത്രീകരണത്തിനു മുന്‍പ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം.
|
നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല താഴേക്കു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. വീഴ്ചയില്‍ ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജൂലൈ 15 നാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏഴുമലയുടെ അകാല വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.





