|
കൊച്ചി: ഇന്നലെ സ്വന്തം തട്ടകമായ കൊച്ചിയില്‍ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റേത് ഉജ്വല തിരിച്ചുവരവ്. 51 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് കളികഴിയുമ്പോള്‍ അടിച്ചത് നാലുഗോളുകള്‍.
ഇരട്ടഗോള്‍ നേടിയ ദിമിത്രി ഡയമന്റക്കോസാണ് കളിയിലെ താരം. ഏഴ് മിനിറ്റില്‍ മൂന്നു ഗോളടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പിടിച്ചത്. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്കുശേഷമാണ് കൊമ്പന്‍മാരുടെ ഈ തിരിച്ചുവരവ്.
കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളി തുടങ്ങി 17 മിനിറ്റ് ആയപ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിറകിലായിരുന്നു. ഏഴാം മിനിറ്റില്‍ റൗളിന്‍ ബോള്‍ഗസും തുടര്‍ന്ന് മുഹമ്മദ് യാസിറും ഗോവയ്ക്കായി ഗോളടിച്ചു. പൊതുവേ കാണികള്‍ കുറഞ്ഞ മത്സരത്തില്‍ ഇടവേളയായതോടെ പലരും ഗ്യാലറി വിട്ടു. പിന്നീടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉശിരന്‍ പ്രകടനം. ഇടവേള കളിഞ്ഞ് ആറ് മിനിറ്റിനുള്ളില്‍ ദായ്‌സുക് സകായ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 81, 84, 88 മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വരൂപം കണ്ടു. ഡയമന്റകോസിന്റെ ഒരു ഗോള്‍ പെനല്‍റ്റിയിലാണ്. അവസാന ഗോള്‍ ഫെഡര്‍ കെര്‍ണിച്ച് നേടി. ഇരുടീമുകളും ഗോവയില്‍ മുഖാമുഖം കണ്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു. 16 കളിയില്‍ 29 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. ഗോവ അഞ്ചാംപടിയിലേക്കിറങ്ങി
പരിക്കുമാറി മുന്നേറ്റക്കാരന്‍ ദിമിത്രി ഡയമന്റക്കോസ് തിരിച്ചെത്തിയതാണ് കളിയില്‍ വഴിത്തിരാവയത്. വിബിന്‍ മോഹനനും കെ പി രാഹുലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. പരിക്കേറ്റ ഗോളി സച്ചിന്‍ സുരേഷിന് പകരം കരന്‍ജിത്ത് സിങ്ങെത്തി. തുടക്കത്തില്‍ ഗോവന്‍ സമ്മര്‍ദത്തില്‍ പ്രതിരോധം തകര്‍ന്നു. ഇടവേളയ്ക്കുശേഷം ഉണര്‍ന്നുകളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഗോവക്കാരെ നിഷ്പ്രഭരാക്കി.


