22
Dec 2025
Tue
22 Dec 2025 Tue
kerala local body election 2026

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്.

ALSO READ : വിഴിഞ്ഞത്ത് സ്ഥാനാര്‍ഥി വാഹനമിടിച്ചു മരിച്ചു; തിരഞ്ഞെടുപ്പ് മാറ്റിവച്ചു

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് തന്നെ മോക് പോളിങ്ങ് തുടങ്ങി. ഒന്നാംഘട്ടത്തില്‍ 7 ജില്ലകളിലായി 6251219 പുരുഷന്മാരും 7032444 സ്ത്രീകളും 126 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 13283789 വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 480 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധിക പ്രശ്നബാധിത ബൂത്തകളുളളത്. ജില്ലയിലെ 186 ബൂത്തുകളിലാണ് പ്രശ്നസാധ്യതയുളളത്. പ്രശ്നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പകുതിയിലേറെ യുഡിഎഫ് പിടിക്കും: എന്‍. കെ. പ്രേമചന്ദ്രന്‍

2025 ല്‍ 50 ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങളില്‍ യു ഡി എഫ് വിജയിക്കുമെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി. മുന്‍കാലങ്ങളില്‍ കാണാത്ത ഐക്യീ യുഡിഎഫിന് ഉള്ളില്‍ ഉണ്ട്. വിമത ശല്യമില്ല. വമ്പിച്ച മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

തിലകമണിയും തിരുവനന്തപുരം: സുരേഷ് ഗോപി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ബിജെപി പിടിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം തിലകമണിയും എന്നാണ് സുരേഷ് ഗോപി ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും. വിശ്വാസികളുടെ കരുത്ത് വോട്ടിങ്ങിലേക്ക് വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

വി.ഡി. സതീശന്‍ വോട്ട് രേഖപ്പെടുത്തി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വോട്ട് രേഖപ്പെടുത്തി. കേസരി വാര്‍ഡിലെ ഒന്നാം പോളിങ് സ്റ്റേഷനിലേക്കാണ് പ്രതിപക്ഷ നേതാവ് എത്തിയത്. യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് സതീശന്‍ പറഞ്ഞു.

കൊല്ലത്ത് വോട്ടിങ് മെഷീന്‍ മാറി

കൊല്ലം പത്തനാപുരം ബ്ലോക്ക് ഡിവിഷനില്‍ വോട്ടിംഗ് മെഷീന്‍ മാറി. പട്ടാഴി പാണിത്തറ ഗവ. എല്‍പിഎസിലെ ബൂത്തില്‍ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീന്‍ ആണ് എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂര്‍ ബ്ലോക്ക് ഡിവിഷന്റെ വോട്ടിംഗ് മെഷീനാണ് എത്തിയത്. വോട്ടിംഗ് മെഷീന്‍ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി.