22
Jan 2026
Tue
22 Jan 2026 Tue
KLF 2026 will be started at January 23

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026ന് ജനുവരി 22ന് തുടക്കമാവും. ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കെഎല്‍എഫ്-ന്റെ ഒന്‍പതാം പതിപ്പ്, 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ കോഴിക്കോട് ബീച്ചിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെഎല്‍എഫിന്റെ ഭാഗമാവുന്നു. ഒളിംപ്യന്‍ ബെന്‍ ജോണ്‍സണ്‍, നൊബേല്‍ ജേതാക്കളായ അബ്ദുല്‍ റസാഖ്, ഗുര്‍ണ, അഭിജിത് ബാനര്‍ജി, ബുക്കര്‍ പ്രൈസ് ജേതാക്കളായ കിരണ്‍ ദേശായി, ബാനു മുഷ്താഖ്, ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്‌സി റോക്വെല്‍, ജ്ഞാനപീഠജേതാവ് പ്രതിഭ റായ്, സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്‌മണ്യന്‍, ചരിത്രകാരി റോമില ഥാപ്പര്‍, വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സ്, പ്രശസ്ത ചിന്തകന്‍ പീക്കോ അയ്യര്‍, എഴുത്തുകാരായ അമിഷ് ത്രിപാഠി, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായി ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂര്‍ തുടങ്ങി സാഹിത്യ, സാംസ്‌കാരിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ നിന്നുള്ളവരെ കൂടാതെ സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.

ഫെസ്റ്റിവലില്‍ ജര്‍മനി അതിഥി രാജ്യമാണ്. ഫെസ്റ്റിവലിലെ ‘ജര്‍മന്‍ പവലിയന്‍’ ജനുവരി 23 മുതല്‍ 25 വരെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സജീവമാകും. തുറമുഖ നഗരമായ കോഴിക്കോടിന്റെ ചരിത്രവും പുരാതനകാലം മുതല്‍ക്കുള്ള സഞ്ചാര പൈതൃകവും ജര്‍മനിയുമായുള്ള മലബാര്‍ തീരങ്ങളുടെ സാംസ്‌കാരിക വിനിമയവും പ്രചോദനമാക്കി, പരിസ്ഥിതി സൗഹൃദവും പ്രാദേശിക അസംസ്‌കൃതവസ്തുക്കളും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ജര്‍മന്‍ പവലിയന്‍ മികച്ചൊരു കലാസൃഷ്ടി കൂടിയാണ്. ലിവിംഗ് റൂം, ആംഫി തിയേറ്റര്‍, ബര്‍ലിന്‍ കിച്ചന്‍, പ്രിന്റിംഗ് സ്റ്റുഡിയോ, ലിസണിംഗ് റൂം എന്നിങ്ങനെയാണ് പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ജര്‍മനിയുടെ ഇന്ത്യന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്റെ നേതൃത്വത്തില്‍, ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് മുള്ളര്‍ ഭവന്‍ ബെംഗളൂരു എന്നിവരുമായി സഹകരിച്ചാണ് പവലിയന്‍ സാക്ഷാത്കരിച്ചത്. പവലിയന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ദി പര്‍പ്പിള്‍ ഇങ്ക് സ്റ്റുഡിയോ ആണ്. കൂടാതെ ഫെസ്റ്റിവലിന്റെ നാല് ദിവസങ്ങളിലും വേദിയിലെ വര്‍ണ്ണാഭമായ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നത് പ്രശസ്ത ലൈറ്റ് ആര്‍ട്ടിസ്റ്റ് ഫിലിപ്പ് ഗൈസ്റ്റാണ്.

ഫെസ്റ്റിവല്‍ ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡിസി, ഫെസ്റ്റിവല്‍ അഡൈ്വസര്‍ ഹെമാലി സോധി, ബംഗ്ലൂര്‍ ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മിഷെല്‍ ഹെയ്ന്‍സ്റ്റ്, ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറി വിഭാഗം തലവന്‍ ശേഷഗിരി കുല്‍ക്കര്‍ണി, സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം, പ്രോഗ്രാം കണ്‍വീനര്‍ കെ വി ശശി എന്നിവര്‍ വാര്‍്ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.